കൂളിമാട് സഹോദരങ്ങളെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ
പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു
കോഴിക്കോട്: കൂളിമാട് മുന്നൂരിൽ സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. കൂളിമാട് മുന്നൂർ സ്വദേശി ഇർഫാനെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രതിക്കായി പൊലിസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്‌ച രാവിലെയായിരുന്നു സാമ്പത്തിക ഇടപാടിനെ ച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സഹോദരങ്ങളായ തസ്‌നീം, തൻസീൽ എന്നിവരെ ഇർഫാൻ കാറിടിച്ച് വീഴ്ത്തിയത്. സംഭവത്തിന് പിന്നാലെ കാർ ഉപേക്ഷിച്ചു ഇർഫാൻ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മാവൂർ ഭാഗത്ത് എത്തിയപ്പോഴാണ് പിടിയിലായത്.
സാമ്പത്തിക തർക്കത്തെത്തുടർന്ന് അയൽക്കാരായ തസ്‌നീമിൻ്റെയും തൻസീലിന്റെയും സഹോദരൻ തൻസിഫിനെ ഇർഫാൻ വീട്ടിൽക്കയറി ക്രൂരമായി മർദിച്ചിരുന്നു. മർദനമേറ്റ തൻസിഫിനെ ഇർഫാൻ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. സഹോദരനെ മർദിച്ച വിവരം അറിഞ്ഞ തസ്‌നീമും തൻസീലും വടികളുമായി ബൈക്കിൽ ഇർഫാനെ തേടിയിറങ്ങുകയും റോഡിൽ വെച്ച് ഇർഫാന്റെ കാർ തടയാൻ ശ്രമിച്ചു. എന്നാൽ സഹോദരങ്ങൾ സഞ്ചരിച്ച ബൈക്കിലേക്ക് ഇർഫാൻ തന്റെ കാർ ഇടിച്ചു കയറ്റുകയായിരുന്നു. പരുക്കേറ്റ സഹോദരങ്ങൾ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തൻസീലിന് തലയോട്ടിക്കും നട്ടെലിനുമാണ് പൊട്ടലേറ്റത്. തസ്‌നീമിന് ഇടുപ്പെല്ലിന് പൊട്ടലേൽക്കുകയും തലച്ചോറിൽ രക്തസ്രാവമുണ്ടാവുകയും ചെയ്തു.

