ശബരിമല സ്വർണക്കൊളള കേസ്: നടൻ ജയറാമിന് ഇ ഡി നോട്ടീസ്
പോറ്റിയുമായുളള സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊളള കേസില്‍ നടന്‍ ജയറാമിന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നോട്ടീസ്. അടുത്ത ചൊവ്വാഴ്ച്ച കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണക്കൊളള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുളള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുകയാണ് ഇ ഡി ലക്ഷ്യം. ശബരിമലയില്‍ നിന്ന് കൊണ്ടുപോയ കട്ടിളപ്പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിന്റെ മറവില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനാണ് ഇ ഡി നോട്ടീസയച്ചിരിക്കുന്നത്. നേരത്തെ എസ്‌ഐടി ജയറാമിന്റെ മൊഴിയെടുത്തിരുന്നു. തുടർന്ന് ജയറാമിന് പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.
നടന് സ്വര്‍ണക്കൊള്ളയുമായി ബന്ധമില്ലെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും ഇനി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമായിരുന്നു എസ്‌ഐടി നിലപാട്. സ്വര്‍ണക്കൊള്ള ക്കേസിലെ ഒന്നാം പ്രതി ഉണ്ണി കൃഷ്ണന്‍ പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ച് ചടങ്ങുകളില്‍ പങ്കെടുപ്പിച്ചുവെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. ജയറാമിന്റെ മൊഴിയില്‍ തീയതികള്‍ മാറിയതില്‍ ദുരൂഹതയില്ലെന്നും എസ്‌ഐടി നിഗമനം. ജയറാം കുറ്റപത്രത്തില്‍ പ്രധാന സാക്ഷികളില്‍ ഒരാളാകും.

