കുറ്റ്യാടിയിൽ വൻ വേട്ട: 267 ഗ്രാം എംഡിഎംഎയുമായി മൊത്ത വിൽപനക്കാരൻ പിടിയിൽ
പുലർച്ചെ 5 മണിയോടെ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടിച്ചത്
കുറ്റ്യാടി: ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായി എത്തിയ മൊത്തവിൽപനക്കാരനെ കോഴിക്കോട് റൂറൽ എസ്.പി ഫറാഷ് ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി കരിയപറമ്പത്ത് ഷൈജൽ എന്ന ശിഹാബുദ്ധീൻ (48) ആണ് പിടിയിലായത്. ഇയാൾ കോഴിക്കോട് വെള്ളിമാടുകുന്നിലെ ഫ്ലാറ്റിലാണ് താമസം.
ഇന്ന് പുലർച്ചെ 5 മണിയോടെ നടത്തിയ പരിശോധനയിലാണ് 267 ഗ്രാം എംഡിഎംഎയുമായി ഇയാളെ അറസ്റ്റ് ചെയ്തത്. കെ.എൽ. 65 വി. 3008 നമ്പർ സ്വിഫ്റ്റ് കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്നു കണ്ടെത്തിയത്. മൂന്ന് വർഷത്തിലേറെയായി ലഹരി കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന ഇയാൾ 2023-ൽ 100 ഗ്രാം എംഡിഎം എയുമായി ചേവായൂരിൽ വെച്ച് പോലീസിന്റെ പിടിയിലായിരുന്നു. ആ കേസിൽ ആറുമാസം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയതാണ്. ബാംഗ്ലൂരിൽ നിന്ന് എത്തിക്കുന്ന ലഹരി കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ വിതരണം ചെയ്യുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. റൂറൽ എസ്.പി യുടെ സ്പെഷ്യൽ സ്ക്വാഡിലെ എസ്.ഐമാരായ രാജീവ് ബാബു, മനോജ് രാമത്ത്, കുറ്റ്യാടി എസ്.ഐമാരായ ഷമീർ, ഗൗതം ഹരി എന്നിവരോടൊപ്പം എ.എസ്. ഐമാരായ ജയരാജൻ പനങ്ങാട്, വി.വി. ഷാജി, വി.സി. ബിനീഷ്, രാജേഷ് കുനിയിൽ, എസ്.സി.പി.ഒ ജിജോ എം.പി, സീനിയർ സി.പി.ഒമാരായ ജിനീഷ് ബാലുശ്ശേരി, ഇ.കെ. അഖിലേഷ്, സി.പി.ഒമാരായ ടി.കെ. ശോഭിത്, മിഥുൻ മോഹൻ, അനൂപ് സെൻ, സദാനന്ദൻ വള്ളിൽ, ഹോംഗാർഡ് സുശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

