വടകരയിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം
ഏഴ് പവൻ സ്വർണവും ഏഴായിരം രൂപയും നഷ്ടമായി
വടകര: ചെക്കോട്ടി ബസാറിൽ അടച്ചിട്ട വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം. ഏഴ് പവൻ സ്വർണവും ഏഴായിരം രൂപയും നഷ്ടമായി. മന്നമ്പത്ത് സുബൈറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. രണ്ടു ദിവസമായി വീട്ടിൽ ആരുമുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം വൈകുന്നേരം സുബൈറിന്റെ ഭാര്യ തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നത് മനസിലാവുന്നത്. ഇരുനില വീടിൻ്റെ താഴത്തെ നിലയിലെ അലമാരയിലായിരുന്നു പണവും സ്വർണവും സൂക്ഷിച്ചത്.
വീട്ടിലെ എല്ലാ മുറികളിലെയും അലമാരയും മേശയം തുറന്നിട്ട നിലയിലും സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലുമായിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വടകര ഡി.വൈ.എസ്.പി സനൽ കുമാർ, സി.ഐ. കെ.മുരളീധരൻ, എസ്.ഐ.രഞ്ജിത്ത് തുടങ്ങിയവർ സ്ഥലത്തെത്തി.

