എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി വേളം സ്വദേശി അറസ്റ്റിൽ
കർണാടകയിലെ വാഹന പരിശോധന യ്ക്കിടെയാണ് ഇയാൾ പിടിയിലായത്
പേരാമ്പ്ര: കർണാടകയിൽ നിന്നും കേരളത്തിലേക്ക് എം.ഡി.എം.എ അടക്കമുള്ള രാസലഹരി കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി വേളം ചെന്നിലോട്ട് അജ്‌മൽ എന്ന പൊന്ന് അജ്‌മൽ അറസ്റ്റിൽ. കർണാടകയിലെ പുത്തൂരിൽ വാഹന പരിശോധന യ്ക്കിടെയാണ് ഇയാൾ പിടിയിലായത്. പൂത്തൂർ ഭാഗത്തുനിന്നും സുള്യ ഭാഗത്തേക്ക് വരുന്ന കെ.എൽ 77 ഇ 0916 നമ്പർ മഹീന്ദ്ര ഥാർ കാറിൽ നിയമവിരുദ്ധമായി എം.ഡി.എം.എ കടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാവിലെ 11.30ന് വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ കാറിലുണ്ടായിരുന്ന മൂന്നുപേർ ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും പൊലീസ് അവരെ പിടികൂടുകയായിരുന്നു.
അജ്‌മലിന് പുറമേ ഇസ്‌മായിൽ (28), സൻഷീർ (27) എന്നിവരാണ് അറസ്റ്റിലായത്. അജ്‌മലിൽ നിന്നും 50 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇത് വിൽപ്പനയ്ക്കായി കൊണ്ടു പോകുന്നതാണെന്ന് ഇയാൾ സമ്മതിച്ചു. വാഹനം പരിശോധിച്ചപ്പോൾ ഡ്രൈവർ സീറ്റിനടിയിൽ നിന്നും ഒരു വാൾ കണ്ടെടുത്തിട്ടുണ്ട്. മയക്കുമരുന്ന് വിൽക്കുന്ന സമയത്ത് സ്വയം രക്ഷയ്ക്കായി കരുതിയതാണ് ഇതെന്നാണ് ഇസ്‌മായിലിൻ്റെ മൊഴി. പ്രതികൾക്കെതിരെ നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയും ആയുധവും കൈവശംവെച്ച് കടത്തിയതിനെതിരെ കേസെടുത്തിട്ടുണ്ട്.

