റെയിൽവേ ടിക്കറ്റിന് വ്യാജ സന്ദേശം കാണിച്ച് പണം തട്ടുന്ന പ്രതി പിടിയിൽ
ഒഡിഷ സ്വദേശിയെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്
കോഴിക്കോട് : എടുത്ത ടിക്കറ്റ് പ്രധാന കൗണ്ടറിൽ കൊണ്ടുപോയി ക്യാൻസൽ ചെയ്ത് പണം കൈപ്പറ്റിയാണ് തട്ടിപ്പ്. റെയിൽവേ സ്റ്റേഷനിലെ എടിവിഎമ്മിൽനിന്ന് ട്രെയിൻ ടിക്കറ്റ് എടുത്ത് പണം നൽകാതെ യുപിഐയിലുടെ പണം നൽകിയതായി വ്യാജ എസ്എംഎസ് സന്ദേശം കാണിച്ച് പണം തട്ടുന്ന ആൾ പിടിയിൽ. ഒഡിഷ സമന്ത്രാപ്പൂർ നാരായൺ പാണ്ഡെ(20) യെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. റെയിൽവേ സ്റ്റേഷനിൽ എടിവിഎം ഫെസിലിറ്റേറ്ററായി ജോലിചെയ്യുന്ന വടകര സ്വദേശിയുടെ കൗണ്ടറിൽ നിന്ന് കഴിഞ്ഞ തിങ്കളാഴ്ച നിസാമുദ്ധീനിലേക്ക് ഏഴ് ടിക്കറ്റാണ് ഇയാൾ എടുത്തത്.
തുടർന്ന് 8100 രൂപ ഇവരുടെ മൊബൈൽ നമ്പർ ചോദിച്ച് അതിലേക്ക് ജിപേ ചെയ്യാമെന്ന് പറഞ്ഞു. പണം വന്നതായി ഫോണിലേക്ക് സന്ദേശം വരികയും പണം കിട്ടിയതായി ഉറപ്പിച്ച് ടിക്കറ്റ് നൽകുകയും ചെയ്തു. എന്നാൽ വൈകിട്ട് അക്കൗണ്ട് പരിശോധിച്ചപ്പോൾ 8100 രൂപയുടെ കുറവ് ശ്രദ്ധയിൽപ്പെട്ട ഇവർ റെയിൽവേ ടിക്കറ്റ് ബുക്കിങ് മാനേജരെ വിവരം അറിയിക്കുകയും പരിശോധിച്ചപ്പോൾ നിസാമുദ്ധീനിലേക്ക് എടുത്ത ടിക്കറ്റിന്റെ പണം അക്കൗണ്ടിൽ വന്നിട്ടില്ലെന്ന് മനസ്സിലായി. എന്നാൽ ടിക്കറ്റ് എടുത്ത ആൾ ഈ ടിക്കറ്റ് പ്രധാന കൗണ്ടറിൽ കൊണ്ടുപോയി ക്യാൻസൽ ചെയ്ത് പണം കൈപ്പറ്റിയതായും വ്യക്തമായതോടെയാണ് തട്ടിപ്പിന്റെ പുതിയരീതി തിരിച്ചറിഞ്ഞത്. കൂടുതൽ അന്വേഷണത്തിൽ മറ്റു ചില കൗണ്ടറുകളിലും ഇതുപോലെ പണം തട്ടിയതായി മനസ്സിലാക്കി. വ്യാഴാഴ്ച ഇയാൾ മറ്റൊരു കൗണ്ടറിൽ ഇതുപോലെ തട്ടിപ്പിന്നെത്തിയതായി തിരിച്ചറിഞ്ഞ പൊലിസ് പ്രതിയെ കസ്റ്റഡിയിലെടുക്കുക യായിരുന്നു. ഇയാൾ സമാനരീതിയിലുള്ള തട്ടിപ്പ് മറ്റു പല സ്ഥലങ്ങളിലും നടത്തിയതായാണറിയുന്നത്. ഇയാൾക്ക് അക്കൗണ്ടുള്ള ബാങ്കിൽനിന്നു വരുന്ന സന്ദേശങ്ങൾ എഡിറ്റ് ചെയ്ത് വ്യാജ സന്ദേശമാക്കി അയച്ചാണ് ഇയാൾ തട്ടിപ്പ് നടത്തുന്നത്. ക്യു ആർ കോഡിൽ സ്കാൻ ചെയ്താൽ പണം അക്കൗണ്ടിൽ വന്നാൽ അനൗൺസ് ചെയ്യുന്നതിനാലാണ് ഇയാൾ അതുപയോഗിക്കാതെ നേരിട്ട് ജിപേ ഉപയോഗിക്കുന്നത്. കോഴിക്കോട് റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സി പ്രദീപ് കുമാർ, എസ്ഐ ജയന്ത്, എഎ സ്ഐമാരായ ഷമീർ, സുനീഷ്, എസ്സിപിഒ ജോസ് സിപിഒ അഖിലേഷ്, സജികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

