ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസ്: അമ്മയെ കോടതി കുറ്റവിമുക്തയാക്കി.
ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞു കൊലപെടുത്തിയ കേസിലെ പ്രതി ചേളന്നൂർ കാവുകുളങ്ങര സ്വദേശിനിയെയാണ് കോടതി വിട്ടത്.
കോഴിക്കോട്:ഒന്നര വയസ്സുകാരനായ മകനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അമ്മയെ കോടതി വെറുതെവിട്ടു.കോഴിക്കോട് ചേളന്നൂര്‍ കാവുകുളങ്ങര സ്വദേശിനിയെയാണ് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി (നാല്) ജഡ്ജ് പി.പ്രദീപ് തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തയാക്കിയത്. 2019 നവംബര്‍ രണ്ടിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.സുഹൃത്തിനൊപ്പം ജീവിക്കുന്നതിന് ഒന്നര വയസ്സുകാരനായ മകന്‍ തടസ്സമാകുമെന്ന് കരുതി അമ്മ കുട്ടിയെ കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
എന്നാല്‍ വിചാരണ വേളയില്‍ ഹാജരാക്കിയ സാക്ഷികള്‍ക്കോ തെളിവുകള്‍ക്കോ ധനലക്ഷ്മിക്ക് മകനെ കൊലപ്പെടുത്തുന്നതില്‍ പങ്കുണ്ടെന്ന് തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് കോടതി വിലയിരുത്തി. പ്രോസിക്യൂഷന്‍ ഉന്നയിച്ച കുറ്റാരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് കോടതി യുവതിയെ കുറ്റവിമുക്തയാക്കി വിധി പുറപ്പെടുവിച്ചത്. കേസിന്റെ വിചാരണാ കാലയളവില്‍ 82 ദിവസം ഇവര്‍ ജയില്‍വാസം അനുഭവിച്ചിരുന്നു.പ്രതിഭാഗത്തിനായി അഡ്വ.പി.കുമാരന്‍കുട്ടി, അഡ്വ.സഫല്‍ കല്ലറംകെട്ടില്‍ എന്നിവര്‍ ഹാജരായി.

