കോഴിക്കോട് നഗരത്തിൽ ബിജു കൊല്ലപ്പെട്ട കേസിൽ ബന്ധു അറസ്റ്റിൽ
കോഴിക്കോട് പുതിയ കോവിലകം പറമ്പ് നഗർ സ്വദേശി ബിജു കൊല്ലപ്പെട്ട കേസിൽ ബന്ധുവായ 22 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട്: പുതിയ കോവിലകം പറമ്പ് നഗർ സ്വദേശി ബിജു (38) കൊല്ലപ്പെട്ട കേസിൽ കൊൾ കസ്റ്റഡിയിൽ. മരിച്ച ബിജുവിന്റെ ബന്ധുവായ 22കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാങ്കാവ് കൊളങ്ങരപ്പീടിക സ്വദേശിയായ യുവാവാണ് പിടിയിലായത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതിയെ മുൻപ് ബിജുവും ബന്ധുക്കളും ചേർന്ന് ബലമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതിയുടെ കൈയിലുണ്ടായിരുന്ന മുറിവും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുമാണ് കേസിൽ നിർണായക തെളിവായത്. ബിജു കൊല്ലപ്പെട്ടതിന് പിന്നാലെ ഇയാളുടെ ഫോൺ, സ്കൂട്ടറിന്റെയും മുറിയുടെയും താക്കോലുകൾ എന്നിവ പ്രതി കൈക്കലാക്കിയിരുന്നു. ഞായറാഴ്ച ബിജുവിന്റെ മൃതദേഹം പാളയത്തെ തറവാട്ടു വീട്ടിലെത്തിച്ചപ്പോഴും പ്രതി അവിടെ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ആ സമയത്ത് ഇയാളുടെ കൈകളിൽ മുറിവുകളുണ്ടായിരുന്നു. അതേസമയം സംഭവത്തിന് പിന്നിൽ ലഹരിസംഘങ്ങളാണെന്ന കുടുംബത്തിന്റെ ആരോപണം പോലീസ് നിലവിൽ മുഖവിലയ്ക്കെടുത്തിട്ടില്ല. ബിജു താമസിച്ചിരുന്ന വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലും നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലും തമ്പടിച്ചിരുന്ന ലഹരിസംഘങ്ങൾക്കെതിരെ ബിജു നിരന്തരം പ്രതികരിച്ചിരുന്നു.
ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ലഹരിസംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ബിജു കൈമാറിയിരുന്നതായും, ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

