അഭിമന്യു വധക്കേസ് വിചാരണ നാലു മാസത്തിനുള്ളിൽ പൂർത്തിയാക്കണം: ഹൈക്കോടതി
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിൽ വിചാരണ നാലു മാസത്തിനകം പൂർത്തിയാക്കണമെന്ന് സെഷൻസ് കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസില്‍ നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇനി വിചാരണയ്ക്കായി സമയം നീട്ടി നല്‍കില്ലെന്ന് കോടതി വ്യക്തമാക്കി. അഭിമന്യുവിന്റെ അമ്മ ഭൂപതി നല്‍കിയ ഹരജിയിലാണ് നടപടി.
കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രധാന പ്രതി മുഹമ്മദ് അടക്കം അഞ്ച് പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 17 മുതല്‍ 26 വരെയുള്ള പ്രതികള്‍ക്കെതിരേ കുറ്റപത്രം നല്‍കാതെ വിചാരണ തുടങ്ങരുതെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ആദ്യ 16 പ്രതികള്‍ മാത്രമാണ് നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തതെന്നും, ഇവരുടെ വിചാരണ ആരംഭിക്കുന്നതിന് തടസ്സമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തെളിവ് നശിപ്പിക്കാനും പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചവരുമാണ് ബാക്കിയുള്ളവരെന്നും, അത് വിചാരണയ്ക്ക് തടസ്സമല്ലെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
2018 ജൂലൈ 2-നാണ് ക്യാംപസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യു കുത്തേറ്റ് കൊല്ലപ്പെട്ടത്.

