ചെറുമകളുടെ കൊട്ടേഷനിൽ വയോധികൻ കൊല്ലപ്പെട്ടു.
13 വയസ്സുള്ള പെൺകുട്ടിയുടെ നിർദ്ദേശപ്രകാരം പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളാണ് കൊലപാതകം നടത്തിയത്
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത കൊച്ചുമകളുടെ ക്വട്ടേഷനിൽ വയോധികനെ കൊലപ്പെടുത്തി. ഹരിപ്പാട് കരുവാറ്റയിലാണ് കൊലപാതകം നടന്നത്.
13 വയസുകാരി പെൺകുട്ടിയെയും കൊലപാതകം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്നു പേരെയും പോലീസ് അറസ്റ്റുചെയ്തു. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടി (67) കൊല്ലപ്പെട്ട കേസിലാണ് നാല് കുട്ടികൾ പ്രതികളായത്.
കൊലപാതക ദൃശ്യം പ്രതികൾ വീഡിയോ കോളിലൂടെ പെൺകുട്ടിയെ കാട്ടിക്കൊടുത്തതായാണ് പോലീസ് പറയുന്നത്. പ്രതികൾ കൊല്ലം സ്വദേശികളാണ്. കൊലപാകത്തിനുശേഷം വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ അപഹരിച്ചു. ഇതു വിറ്റിട്ട് പെൺകുട്ടിക്ക് ഐ ഫോണും പ്രതികൾക്ക് ബൈക്കും വാങ്ങാനാണ് ലക്ഷ്യമിട്ടതെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച രാത്രിയിലായിരുന്നു കൊലപാതകം.
ശിവൻകുട്ടിയും ഭാര്യയും മകളും ചെറുമകളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. മകൾ ഗർഭിണിയായിരുന്നു. പ്രസവശുശ്രൂഷയ്ക്കായി മകളെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂട്ടിരിക്കാനായി ഭാര്യയും പോയി. ശിവൻകുട്ടിയും ചെറുമകളും മാത്രം ബാക്കിയായി. കൊലപാതകം നടക്കുമ്പോൾ പെൺകുട്ടി വീട്ടിലുണ്ടായിരുന്നില്ല. രാത്രി സ്ഥലത്തെത്തിയ പ്രതികൾ ശൗചാലയത്തിന്റെ വെന്റിലേഷൻ വഴിയാണ് അകത്തുകയറിയത്. കൈകാലുകൾകൂട്ടിക്കെട്ടി അതിക്രൂരമായാണ് ശിവൻകുട്ടിയെ കൊലപ്പെടുത്തിയത്.
ഈ സമയം ക്വട്ടേഷൻ നൽകിയ ബന്ധുവായ കുട്ടി വീഡിയോ കോളിലൂടെ ദൃശ്യങ്ങൾകാണുന്നുണ്ടായിരുന്നു. കൊലപാതകത്തിനുശേഷം വീട്ടിലാകെ മുളകുപൊടി വിതറിയിരുന്നു.

