പിഴ കൂട്ടിയപ്പോൾ റെയിൽവെ നിയമ ലംഘന കേസുകൾ കുറഞ്ഞു.
ജൂലൈ മാസം മുതൽ റെയിൽവെ നിയമലംഘനങ്ങളുടെ പിഴ രണ്ടും മൂന്നും മടങ്ങ് വർദ്ധിപ്പിച്ചു. അതോടെ റെയിൽവെ കോടതിയിലേക്കു വരുന്ന കേസുകളുടെ എണ്ണം നാലിലൊന്നായി.
കോഴിക്കോട്: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നടക്കുന്ന നിയമലംഘനങ്ങൾക്കുള്ള പിഴസംഖ്യ രണ്ടും മൂന്നും ഇരട്ടിയായി കൂട്ടിയതോടെ കേസുകൾ നാലിലൊന്നായി കുറഞ്ഞു. കോഴിക്കോട്ടെ ഓണററി സ്പെഷ്യൽ സെക്കൻഡ് ക്ലാസ് റെയിൽവേ മജിസ്ട്രേറ്റ് കോടതിയിലെ കേസുകളാണ് ഒന്നരമാസത്തിനിടെ നാലിലൊന്നായി കുറഞ്ഞത്. ഈ വർഷം ജനുവരിമുതൽ ജൂൺവരെയുള്ള കാലയളവിൽ 1008 മുതൽ 1610 വരെ കേസുകൾ കോടതിയുടെ പരിഗണനയ്ക്കെത്തിയിരുന്നു.
ജൂലായ് ഒന്നുമുതലാണ് പിഴസംഖ്യ വർധിപ്പിച്ച ഉത്തരവ് പ്രാബല്യത്തിലായത്. അതോടെ ആ മാസത്തിൽ ഇത് 446 കേസുകളായി ചുരുങ്ങി. കോടതിയിൽ പ്രതിദിനമെത്തുന്ന കേസുകൾ നാലിലൊന്നായും കുറഞ്ഞു. ജനുവരിമുതൽ ജൂലായ്‌വരെ നേരത്തേ പ്രതിദിനം 80 കേസുകൾ വന്നിരുന്നത് ജൂലായിൽ 20 എണ്ണമായാണ് കുറഞ്ഞത്.
ഈ കോടതിക്കുപുറമേ പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ, കാസർകോട് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നടക്കുന്ന പ്രത്യേക ക്യാമ്പ് സിറ്റിങ്ങുകളിലും നിയമലംഘനക്കേസുകൾ പരിഗണിക്കാറുണ്ട്. ഇവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. വടകര, കണ്ണൂർ, കാസർകോട് റെയിൽവേസ്റ്റേഷനുകളിൽ നടക്കുന്ന ക്യാമ്പ് സിറ്റിങ്ങുകളിൽ നേരത്തേ നൂറിലേറെ കേസുകൾ പരിഗണനയ്ക്കെത്തിയിരുന്ന സ്ഥാനത്ത് ജൂലായ് മുതലെത്തുന്നത് 10-20 കേസുകൾ മാത്രമാണ്.
ഓഗസ്റ്റ് പകുതി പിന്നിട്ടപ്പോഴും കേസുകൾ കുറഞ്ഞിട്ടുണ്ട്. ഈ മാസം 18 വരെ പ്രതിദിനം 10-15 കേസുകൾ മാത്രമാണ് റെയിൽവേ കോടതിയിലെത്തിയത്. മലബാർമേഖലയിൽ താനൂർമുതൽ മഞ്ചേശ്വരംവരെയുള്ള സ്റ്റേഷനുകളിലെ നിയമലംഘനക്കേസുകളുമായി ബന്ധപ്പെട്ട നടപടികളാണ് കോടതി കൈകാര്യംചെയ്യുന്നത്. കോഴിക്കോട് സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലാണ് മലബാർ മേഖലയ്ക്കായി രൂപവത്കൃതമായ കോടതി പ്രവർത്തിക്കുന്നത്.

