അനാശാസ്യ കേന്ദ്രങ്ങളിൽ പോകുന്നവരും കുറ്റക്കാരാണെന്ന് ഹൈക്കോടതി
അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരെ പോലെ തന്നെ അവിടെയെത്തുന്ന ഗുണഭോക്താവും നിയമത്തിനു മുമ്പിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
കൊച്ചി: വേശ്യാലയങ്ങളിലും അനാശാസ്യ കേന്ദ്രങ്ങളിലും പോകുന്ന 'കസ്റ്റമര്‍മാര്‍' ഇനി നിയമത്തിന് മുന്നില്‍ നിരപരാധികളാകില്ല. അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമപ്രകാരം പെണ്ണുവാണിഭ കേന്ദ്രങ്ങളിലേക്ക് സേവനം തേടിയെത്തുന്ന ഉപഭോക്താവും (കസ്റ്റമര്‍) കൃത്യമായി കുറ്റക്കാരനാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ, റെയ്ഡുകളില്‍ പിടിക്കപ്പെടുമ്പോള്‍ 'ഞാന്‍ വെറും കസ്റ്റമറാണ്' എന്ന് പറഞ്ഞ് വഴുതിമാറാന്‍ ശ്രമിക്കുന്നവര്‍ക്ക് പൂട്ടുവീഴും.
അനാശാസ്യ കേന്ദ്രങ്ങളിലെ ഉപഭോക്താക്കളെ കുറ്റക്കാരായി കാണാനാകുമോ എന്ന വിഷയം സംബന്ധിച്ച് മുന്‍പ് ഹൈക്കോടതിയിലെ തന്നെ വിവിധ സിംഗിള്‍ ബെഞ്ചുകളില്‍ നിന്ന് പരസ്പരവിരുദ്ധമായ ഉത്തരവുകളായിരുന്നു പുറത്തുവന്നിരുന്നത്. കസ്റ്റമര്‍മാര്‍ കുറ്റക്കാരല്ലെന്ന ചില ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി പലരും കേസില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നു. ഈ ആശയക്കുഴപ്പങ്ങള്‍ക്കാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇപ്പോള്‍ പൂട്ടുവെച്ചിരിക്കുന്നത്.
പെണ്ണുവാണിഭ കേന്ദ്രങ്ങള്‍ എന്നത് സാമ്പത്തിക ലാഭത്തിനായി മനുഷ്യരെ ചൂഷണം ചെയ്യുന്ന വാണിജ്യ സ്ഥാപനങ്ങളാണെന്ന് കോടതി വിലയിരുത്തി. ഇത്തരം കേന്ദ്രങ്ങളില്‍ ലൈംഗികത്തൊഴിലാളി വെറുമൊരു കച്ചവടച്ചരക്കായി മാറുകയാണ്. കെണിയൊരുക്കി നടത്തിപ്പുകാരന്‍ അവിടെ ലാഭം കൊയ്യുമ്പോള്‍, പണം കൊടുത്ത് സേവനം തേടിയെത്തുന്ന ഉപഭോക്താക്കളാണ് ഇത്തരം നിയമവിരുദ്ധ ബിസിനസുകളെ പരിപോഷിപ്പിക്കുന്നത്.
ഒരു കസ്റ്റമറും നടത്തിപ്പുകാരനും ഉണ്ടെങ്കില്‍ മാത്രമേ അനാശാസ്യ കേന്ദ്രങ്ങളിലെ ഈ ചൂഷണം നടക്കുകയുള്ളൂ. അതിനാല്‍ തന്നെ ഇത്തരം കേന്ദ്രങ്ങളിലേക്ക് പോകുന്നവരെ പ്രതി ചേര്‍ത്തില്ലെങ്കില്‍ അത് നിയമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ വെള്ളം ചേര്‍ക്കുന്നതിന് തുല്യമാകും. അതിനാല്‍ തന്നെ ഇവരെ ക്രിമിനല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്ന് ഡിവിഷന്‍ ബെഞ്ച് അക്കമിട്ട് വ്യക്തമാക്കി.
കസ്റ്റമര്‍ കുറ്റക്കാരനല്ലെന്ന് മുന്‍പ് പുറപ്പെടുവിച്ച സിംഗിള്‍ ബെഞ്ചുകളുടെ മുഴുവന്‍ ഉത്തരവുകളും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. പകരം കസ്റ്റമര്‍ കുറ്റക്കാരനാണെന്ന് വിധിച്ച ഉത്തരവുകള്‍ ശരിവെക്കുകയും ചെയ്തു. ഇനിമുതല്‍ ഇത്തരം കേന്ദ്രങ്ങളില്‍ നിന്നും പിടിക്കപ്പെടുന്ന 'ഉപഭോക്താക്കള്‍' നേരിട്ട് പ്രതിപ്പട്ടികയില്‍ വരികയും കടുത്ത ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരികയും ചെയ്യും.

