അധ്യാപകനിൽ നിന്ന് ലൈംഗികാതിക്രമം തമിഴ്നാട്ടിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു
തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം. പ്രതിയായ അധ്യാപകൻ ജഗദീശനെ പോലീസ് ഫോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു
ചെന്നൈ: തമിഴ്നാട്ടിൽ പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. അധ്യാപകന്റെ ലൈംഗികാതിക്രമത്തെത്തുടർന്നാണ് വിദ്യാർഥിനി ജീവനൊടുക്കിയത്. കുട്ടി ജീവനൊടുക്കിയതിന്റെ പശ്ചാത്തലത്തെക്കുറിച്ചും അധ്യാപകനെതിരെയുളള ആരോപണത്തെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ടെന്നു പൊലിസ് പറഞ്ഞു.
. സംഭവത്തിൽ പ്രതിയായ ജഗദീശനെ പൊലിസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ജഗദീശൻ സ്കൂളിൽവച്ച് തന്നെ മോശമായി സ്പർശിച്ചുവെന്ന് പെൺകുട്ടി പരാതിപ്പെട്ടിരുന്നതായി പൊലിസ് പറഞ്ഞു. വിദ്യാർഥിനി എഴുതിവച്ച കുറിപ്പിൽ അധ്യാപകന്റെ പേരും താൻ നേരിട്ട പീഡനങ്ങളെക്കുറിച്ചും വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. കൂടാതെ മറ്റ് കുട്ടികൾക്ക് ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാൻ അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറിപ്പിൽ പറയുന്നു.
. കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം. തമിഴ്നാട്ടിൽ കൊലപാതകങ്ങളും കസ്റ്റഡി മരണങ്ങളും ദുരഭിമാനക്കൊലകളും വർധിക്കുന്നുവെന്ന് പ്രതിപക്ഷം വലിയ ആക്ഷേപമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർഥിനിയുടെ ആത്മഹത്യയും സംഭവിച്ചത്. ഓരോ കുറ്റകൃത്യത്തെയും ക്രമസമാധാന പ്രശ്നമായി വിലയിരുത്തേണ്ടതില്ലെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നൽകിയ മറുപടി.

