headerlogo
crime

വെള്ളം ചോദിച്ചു വീട്ടിലെത്തിയ യുവാവ് ലക്ഷങ്ങൾ മോഷ്ടിച്ചു

സ്ത്രീകൾ മാത്രമുള്ള വീട്ടിൽ കുടുംബനാഥനെ പരിചയമുണ്ടെന്നു പറഞ്ഞു കുടിവെള്ളം ചോദിച്ചെത്തിയ കൊടുവള്ളി സ്വദേശിയായ മക്സൂസ് ഹനുക്ക് ആണ് മോഷണം നടത്തിയത്

 വെള്ളം ചോദിച്ചു വീട്ടിലെത്തിയ യുവാവ് ലക്ഷങ്ങൾ മോഷ്ടിച്ചു
avatar image

NDR news

13 Sep 2026 04:46 PM

കോഴിക്കോട് : കൊടുവള്ളിക്കടുത്ത്   പുല്ലാളൂരിൽ പട്ടാപ്പകൽ കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വീട്ടുകാരെ വിദഗ്ധമായി കബളിപ്പിച്ച് ലക്ഷങ്ങൾ കവർന്ന സംഭവം നാട്ടുകാരെ അമ്പരപ്പിച്ചിരിക്കുകയാണ്. പുല്ലളൂർ സ്വദേശി ഇബ്രാഹിംകുട്ടിയുടെ വീട്ടിലാണ് ഈ അസാധാരണമായ മോഷണം നടന്നത്. വീട്ടിൽ സ്ത്രീകൾ മാത്രം ഉണ്ടായിരുന്ന സമയത്തെത്തിയ യുവാവ്, ഗൃഹനാഥനെ മുൻപരിചയമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് വീട്ടിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് ഗൾഫിലേക്ക് പോകാൻ തയ്യാറെടുക്കുന്ന, എഞ്ചിനീയറുടെ മകനായ ഒരു ഡോക്ടറുടെ വിവാഹാലോചനയുമായി വന്നതാണെന്ന് പറഞ്ഞ് ഇയാൾ വീട്ടുകാരുമായി വളരെ വേഗം അടുപ്പം സ്ഥാപിച്ചു. ഇതിനിടയിൽ നിസ്കാര സമയം ആയെന്നും, താൻ പുറത്തിരുന്നോളാം സ്ത്രീകൾ പോയി നിസ്കരിച്ചോളാനും ഇയാൾ നിർബന്ധിക്കുകയായിരുന്നു. ഇനിയും സമയമുണ്ടെന്ന് വീട്ടുകാർ പറഞ്ഞിട്ടും യുവാവ് വീണ്ടും നിർബന്ധിച്ചതോടെ സ്ത്രീകൾ നിസ്കരിക്കാനായി മുറിയിലേക്ക് പോയി.

.      ഈ തക്കം നോക്കി വീട്ടിലെ മുറികളിൽ കയറി അലമാരകൾ മുഴുവൻ വലിച്ചുവാരിയിട്ട മോഷ്ടാവ്, അവിടെ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷത്തോളം രൂപയുമായി കടന്നുകളയുകയായിരുന്നു. പത്ത് രൂപ മാത്രമാണ് അലമാരയിൽ ബാക്കിവെച്ചത് എന്ന് വീട്ടമ്മ സങ്കടത്തോടെ പറയുന്നു. നിസ്കാരം കഴിഞ്ഞ് പുറത്തുവന്ന സ്ത്രീകൾ യുവാവിനെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് ഒരു കവറുമായി ഇയാൾ മതിൽ ചാടിപ്പോകുന്നത് കണ്ടതും മോഷണം നടന്ന വിവരം അറിയുന്നതും. സംഭവം പോലീസിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി കൊടുവള്ളി സ്വദേശിയായ മക്സൂസ് ഹാനൂക്ക് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

.     മുപ്പത്തിരണ്ടോളം സമാനമായ മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ പത്രങ്ങളിലെ ചിത്രങ്ങളിലൂടെ വീട്ടുകാരും തിരിച്ചറിഞ്ഞു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഒരു കാറിലാണ് ഇയാൾ മോഷണത്തിനായി എത്തിയത്. ഈ കാർ പിന്നീട് മലപ്പുറം മേൽമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി ഉപയോഗിച്ച കാറും മോഷ്ടിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് മക്സൂസ് ഹാനൂക്കിനെ പിടികൂടാനുള്ള ഊർജ്ജിതമായ അന്വേഷണം ഇപ്പോൾ പോലീസ് നടത്തിവരികയാണ്.

NDR news
13 Sep 2026 04:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents