സ്വത്ത് തർക്കത്തെ തുടർന്ന് ഭാര്യ ഭർത്താവിനെ കഴുത്തില്‍ ബെല്‍ട്ട് മുറുക്കി കൊലപ്പെടുത്തി
കൊല്ലം ചെറുമാട് സ്വദേശി രാജു എഡ്വേഡിനെയാണ് ഭാര്യ ലേഖ മേരി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് .
കൊല്ലം: സാധാരണ മരണമെന്നു കരുതിയ ചെറുമൂട് സ്വദേശി രാജു എഡ്വേഡിന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ രാജു എഡ്വേഡിന്റെ ഭാര്യ ലേഖ മേരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജുവിനെ കൊലപ്പെടുത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ ലേഖ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
'. രാജു കുഴഞ്ഞുവീണാണ് മരിച്ചതെന്നായിരുന്നു ഭാര്യ ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം പരിശോധനയിലാണ് കഴുത്തിൽ ബെൽറ്റ് കുരുക്കി ശ്വാസംമുട്ടിച്ചതിന്റെ പാടുകൾ കണ്ടെത്തിയത്. ഇതോടെയാണ് മരണത്തിൽ ദുരൂഹത ശക്തമായത്.
. വെള്ളിയാഴ്ചയാണ് രാജുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിലെ പാട് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംശയം തോന്നിയ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ലേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്.
. സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വസ്തു സ്വന്തം പേരിൽ എഴുതി നൽകാത്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ലേഖ പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം. അതേസമയം, സംഭവത്തിൽ ലേഖയുടെ ആൺസുഹൃത്തിന് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
. രാജുവിന്റെ കഴുത്തിലെ പാട് കണ്ടതോടെയാണ് മരണത്തിൽ സംശയം തോന്നിയതെന്ന് സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. രാജുവും ലേഖയും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നുവെന്നും രാജുവിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സഹോദരി വ്യക്തമാക്കി.
. ലേഖ മേരി വിദേശത്തായിരുന്നെന്നും അടുത്തിടെയാണ് നാട്ടിലെത്തിയതെന്നും ബന്ധുക്കൾ പറയുന്നു. ഇവർ ബന്ധുക്കളുമായി അകൽച്ചയിലായിരുന്നുവെന്നും വിവരമുണ്ട്. അതേസമയം, രാജുവിന് വിഷം നൽകിയിട്ടുണ്ടോ എന്ന സംശയവും പേലീസിനുണ്ട്.

