headerlogo
crime

ചീട്ടുകളി റെയ്ഡിൽ പോലീസുകാരനടക്കം 6 പേർ കുടുങ്ങി

കുറ്റ്യാടിക്കടുത്ത് ചീട്ടുകളി കേന്ദ്രത്തിൽ നടന്ന റെയ്ഡിൽ ആദ്യം പോലീസുകാരനെ വിട്ടയച്ചു. മറ്റു പ്രതികളുടെ പ്രതിഷേധത്തെ തുടർന്ന് വിശദമായ അന്വേഷണത്തിനൊടുവിൽ പോലീസുകാരനും അറസ്റ്റിലായി

 ചീട്ടുകളി  റെയ്ഡിൽ പോലീസുകാരനടക്കം  6 പേർ കുടുങ്ങി
avatar image

NDR news

09 Oct 2026 04:33 PM

വടകര : കുറ്റ്യാടിക്ക് സമീപം വേളത്തെ അനധികൃത ചീട്ടുകളി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ പൊലീസുകാരനെ ഒഴിവാക്കി മറ്റ് അഞ്ചുപേരെ മാത്രം അറസ്റ്റ് ചെയ്ത നടപടി വിവാദമായി. പ്രതിഷേധത്തെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടന്നതോടെ ചീട്ടുകളി സംഘത്തിൽ അംഗമായിരുന്ന സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെയും കേസ് എടുത്തു. വടകര പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് പരിശോധനയ്ക്കിടെ വിവാദത്തിൽ അകപ്പെട്ടത്.

.    കഴിഞ്ഞ ഞായറാഴ്ചയാണ് കുറ്റ്യാടി സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വേളത്തെ ഒരു വീട്ടിൽ റെയ്ഡ് നടത്തിയത്. ആറംഗ സംഘം പങ്കെടുത്ത ചീട്ടുകളി തടഞ്ഞ പൊലീസ്, സ്ഥലത്തുനിന്ന് 27,200 രൂപയും പിടിച്ചെടുത്തു. എന്നാൽ ഒരാൾ സിവിൽ പൊലീസ് ഓഫീസറാണെന്ന് തിരിച്ചറിഞ്ഞതോടെ റെയ്ഡ് മറ്റൊരു വഴിത്തിരിവിലായി. താൻ പണംവെച്ച് കളിച്ചിട്ടില്ലെന്നും വെറുമൊരു കാഴ്ചക്കാരനായി നിൽക്കുകമാത്രമായിരുന്നുവെന്നുമുള്ള പൊലീസുകാരന്റെ വിശദീകരണം റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർ അംഗീകരിക്കുകയായിരുന്നു.

.     തുടർന്ന് പൊലീസുകാരനെ ഒഴിവാക്കി മറ്റു അഞ്ചുപേരെ മാത്രം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഈ ഇരട്ടത്താപ്പിനെതിരെ അറസ്റ്റിലായവർ ശക്തമായി പ്രതിഷേധിച്ചു. നാട്ടുകാർക്കിടയിൽ വിഷയം വലിയ ചർച്ചയാവുകയും ചെയ്തു. സംഭവം വിവാദമായതോടെ കോഴിക്കോട് റൂറൽ സ്പെഷ്യൽ ബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

.     സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പ്രാഥമിക റിപ്പോർട്ട് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫിന് കൈമാറി. തുടർന്ന് എസ്പിയുടെ നിർദ്ദേശപ്രകാരം നാദാപുരം ഡിവൈഎസ്പി മനോജ് പി.എം. വിശദമായ അന്വേഷണം നടത്തുകയായിരുന്നു. അറസ്റ്റിലായ അഞ്ചുപേരുടെയും ഔദ്യോഗിക മൊഴിയെടുത്ത അന്വേഷണ സംഘം, പൊലീസുകാരൻ വെറും കാഴ്ചക്കാരനല്ലെന്നും പണംവെച്ച് ചീട്ടുകളിയിൽ സജീവമായി പങ്കാളിയായിരുന്നുവെന്നും കണ്ടെത്തി. തുടർന്നാണ് ഇയാളെയും കേസിൽ പ്രതിയാക്കാൻ നടപടി സ്വീകരിച്ചത്

NDR news
09 Oct 2026 04:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents