നൂറോളം സ്ത്രീകളെ കബളിപ്പിച്ച വിവാഹ തട്ടിപ്പ് വീരൻ അറസ്റ്റിൽ
മാനന്തവാടി അന്തിക്കാംപൊയിൽ സ്വദേശി വെള്ളറ ചെന്നിക്കര വീട്ടിൽ ബിജു ആന്റണി (45) ആണ് ചേർത്തല പോലീസ് പിടിയിലായത്
മാനന്തവാടി : വ്യാജ വിലാസങ്ങളിലും പേരുകളിലും മാട്രിമോണിയൽ പരസ്യങ്ങൾ നൽകി നൂറോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത 45-കാരൻ അറസ്റ്റിൽ. മാനന്തവാടി ആന്തിക്കാംപൊയിൽ സ്വദേശി വെള്ളറ ചെന്നിക്കര വീട്ടിൽ ബിജു ആന്റണിയെയാണ് (45) ചേർത്തല പോലീസ് വയനാട്ടിലെത്തി അറസ്റ്റ് ചെയ്തത്. സുൽത്താൻ ബത്തേരിയിൽ ഭാര്യയും മക്കളുമുള്ള പ്രതി, സംസ്ഥാനത്തുടനീളം കറങ്ങിനടന്നാണ് വൻ തട്ടിപ്പുകൾ നടത്തിയത്.
. 2020-ൽ ചേർത്തല വയലാർ സ്വദേശിനിയായ രമ്യ എന്ന യുവതിയെ വിവാഹം കഴിച്ച് മൂന്നാം ദിവസം പണവും സ്വർണ്ണവുമായി മുങ്ങിയ കേസിലാണ് വർഷങ്ങൾക്ക് ശേഷം പ്രതി പോലീസിന്റെ വലയിലാകുന്നത്. ഹോട്ടൽ ബിസിനസ്സ് തുടങ്ങാനെന്ന വ്യാജേന യുവതിയിൽ നിന്ന് 30,000 രൂപയും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 7 പവൻസ്വർണ്ണാഭരണങ്ങളും കവർന്നാണ് ഇയാൾ അന്ന് കടന്നുകളഞ്ഞത്. തുടർന്ന് ചേർത്തല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ ശാസ്ത്രീയ അന്വേഷണ ത്തിനൊടുവിലാണ് ആറ് വർഷങ്ങൾക്ക് ശേഷം പ്രതിയെ വയനാട്ടിൽ വെച്ച് കുടുക്കിയത്.
. തട്ടിപ്പുകൾക്കായി വിവിധ പേരുകളും വേഷങ്ങളുമാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. രാജേഷ്, സുരേഷ്, ആന്റണി തുടങ്ങിയ പേരുകളിൽ സ്വയം പരിചയപ്പെടുത്തുന്ന ഇയാൾ ഒരിടത്ത് ഡോക്ടറായും മറ്റൊരിടത്ത് എൻജിനീയറായും പാചകക്കാരനായുമൊക്കെയാണ് സ്ത്രീകളെ വിശ്വസിപ്പിച്ചിരുന്നത്. വിവാഹപ്പരസ്യങ്ങൾ കണ്ട് ബന്ധപ്പെടുന്ന യുവതികളെ ആശുപത്രിയോ ഹോട്ടലോ തുടങ്ങാമെന്ന് വിശ്വസിപ്പിച്ചാണ് പണവും ആഭരണങ്ങളും കൈക്കലാക്കുന്നത്.
. വിവാഹപ്പരസ്യം കണ്ട് പരിചയപ്പെട്ട തളിപ്പറമ്പ് സ്വദേശിനിയെ കർണാടകയിലെ ഹൊസങ്കടിയിലുള്ള ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച ശേഷം മൂന്നരപ്പവൻ സ്വർണ്ണവുമായി മുങ്ങിയ സംഭവത്തിൽ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്. മുൻപ് കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ സ്വർണ്ണമോഷണ കേസിൽ പ്രതി ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.സാമൂഹികമായ നാണക്കേട് ഭയന്ന് പലരും പരാതി നൽകാതിരുന്നതാണ് പ്രതിക്ക് കൂടുതൽ തട്ടിപ്പുകൾ നടത്താൻ വഴിയൊരുക്കിയത്. ചോദ്യം ചെയ്യലിൽ നൂറോളം സ്ത്രീകളെ കബളിപ്പിച്ചതായി പ്രതി വെളിപ്പെടുത്തി യതോടെ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു.

