നെടുമ്പാശ്ശേരി വാഹനാപകടക്കേസ് ആലുവ ഡി വൈ എസ് പി ബൈജു പൗലോസിന് അന്വേഷണ ചുമതല.
നെടുമ്പാശ്ശേരി വാഹനാപകടക്കേസിന്റെ അന്വേഷണം ആലുവ ഡി വൈ എസ് പി ബൈജു പൗലോസിന് കൈമാറിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ അറിയിച്ചു
തിരുവനന്തപുരം:നെടുമ്പാശ്ശേരി വാഹനാപകടക്കേസിന്റെ അന്വേഷണം ആലുവ ഡി വൈ എസ് പി ബൈജു പൗലോസിന് കൈമാറിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ അറിയിച്ചു.
. മരിച്ചവരുടെ കുടുംബങ്ങളുടെ പരാതികളും ആശങ്കകളും കേൾക്കുന്നതിനായി സൗത്ത് സോൺ ഐ ജി നിശാന്തിനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനും സർക്കാർ സന്നദ്ധമാണെന്ന് സബ്മിഷന് മറുപടിയായി മന്ത്രി സഭയിൽ വ്യക്തമാക്കി.നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടം അതീവ ദൗർഭാഗ്യകരമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
. കേസിൽ കുറ്റക്കാർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികളുണ്ടാകും. പ്രതികൾക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ആശങ്കകൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. അവരുടെ പരാതികൾ കേൾക്കുന്നതിനും ആശങ്കകൾ പരിഹരിക്കുന്നതിനുമാണ് ഐ ജി നിശാന്തിനിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കേസിന്റെ അന്വേഷണം കൃത്യമായും കാര്യക്ഷമമായും മുന്നോട്ടുകൊണ്ടു പോകുമെന്നും നീതി ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.
. കേസിൽ ആവശ്യമില്ലാത്ത അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. അപകടത്തെ വർഗീയമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ല. ഇത്തരം പ്രവണതകൾ സമൂഹത്തിൽ അനാവശ്യമായ ഭിന്നതകൾ സൃഷ്ടിക്കാൻ ഇടയാക്കും. കേരളത്തിൽ മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനം ഓടിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. അതൊക്കെ അവസാനിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ തൂഫാൻ പോലുള്ള പദ്ധതിക്ക് തുടക്കമിട്ടത്.
. സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ 13ന് രാത്രി ഏഴു മണി മുതൽ 14ന് രാവിലെ ഏഴു മണിവരെ ഒരു സ്പെഷ്യൽ ഡ്രൈവ് നടത്തിയിരുന്നു. ഈ ഡ്രൈവിൽ 959 കേസുകൾ രജിസ്റ്റർ ചെയ്തു. നെടുമ്പാശേരി വാഹനാപകട കേസിൽ കൃത്യമായ അന്വേഷണ ത്തിലൂടെയും നിയമപരമായ നടപടികളിലൂടെയും കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിനൊപ്പം ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

