കാറപകടം ജഡ്ജിക്കും മകനുമെതിരെ നിയമനടപടി വേണമെന്ന് മുൻ ജസ്റ്റിസ് ബി. കമാൽ പാഷ
അഡീഷണൽ ജില്ലാ ജഡ്ജിയുടെ 17 കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രകൾ മരിച്ച സംഭവത്തിലാണ് മുൻ ജഡ്ജിയുടെ പരാമർശം
കൊച്ചി: ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ 17-കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ ജയബാലകൃഷ്ണൻ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി മുൻ ജസ്റ്റിസ് ബി. കമാൽ പാഷ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം സംഭവത്തിന്റെ നിയമവശങ്ങളും ഉന്നതരുടെ വീഴ്ചകളും ചൂണ്ടിക്കാട്ടി പ്രതികരിച്ചത്.
. തട്ടുകട നടത്തിപ്പുകാരനായ ജയബാലകൃഷ്ണൻ (56) ജോലി കഴിഞ്ഞ് മടങ്ങവേയാണ് 17 വയസ്സുള്ള കൗമാരക്കാരൻ ഓടിച്ച മെഴ്‌സിഡസ് ബെൻസ് കാർ പിന്നിൽ നിന്ന് ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു.
ലൈസൻസില്ലാത്ത പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിന് വാഹന ഉടമയായ അഡീഷണൽ ജില്ലാ ജഡ്ജിക്കെതിരെയും, അശ്രദ്ധമായും ഭയാനകമായും വാഹനമോടിച്ച് മരണത്തിന് കാരണമായതിന് മകനെതിരെയും കശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അപകടത്തിനുശേഷം സ്ഥലം സന്ദർശിച്ച ജഡ്ജി, മരിച്ച ജയബാലകൃഷ്ണന്റെ ബന്ധുക്കളോട് സംസാരിച്ച രീതി തികച്ചും അനുചിതമാണെന്ന് ജസ്റ്റിസ് കമാൽ പാഷ വിമർശിച്ചു. ഉത്തരവാദിത്തപ്പെട്ട ഭരണ-നിയമ സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം ഗുരുതര വീഴ്ചകളെയും പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കളുടെ നിലപാടിനെയും അദ്ദേഹം ശക്തമായ ഭാഷയിൽ അപലപിച്ചു.
. . അതേസമയം, പ്രതി ജഡ്ജിയുടെ മകനായതിനാൽ എഫ്.ഐ.ആറിൽ പേര് ചേർക്കുന്നതിലും കേസ് കൈകാര്യം ചെയ്യുന്നതിലും പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി മരണപ്പെട്ട ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

