ചൂടുകഞ്ഞിവെള്ളം ഒഴിച്ച് പിതാവിനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ
തൃശ്ശൂർ പുതുക്കാട് കണ്ടൻകാവിൽ വീട്ടിൽ ഗോപാലകൃഷ്ണൻ മരിച്ച സംഭവത്തിൽ മകൻ വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തു
തൃശൂർ: ശരീരത്തിൽ ചൂടുകഞ്ഞിവെള്ളം ഒഴിച്ച് പിതാവിനെ പൊള്ളലേൽപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ മകൻ അറസ്റ്റിൽ. പുതുക്കാട് കണ്ടൻകവിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (70) ആണ് മരിച്ചത്. സംഭവത്തിൽ മകൻ വിനോദിനെ (37) തൃശൂർ നഗരത്തിൽനിന്ന് പൊലീസ് പിടികൂടി.
. ഒക്ടോബർ 21ന് ഞെള്ളൂരിലെ സ്വന്തം വീട്ടിൽവച്ചാണ് ഗോപാലകൃഷ്ണന്റെ ശരീരത്തിൽ ചൂടുകഞ്ഞിവെള്ളം വീണ് പൊള്ളലേറ്റത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ 2.30ഓടെയായിരുന്നു മരണം.
. ഗോപാലകൃഷ്ണന്റെ സഹോദരൻ മണികണ്ഠൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പുതുക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മരണപ്പെട്ട ഗോപാലകൃഷ്ണനെ മകനായ വിനോദ് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് മണികണ്ഠൻ മൊഴി നൽകിയത് . ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിനോദിനെ മാള പോലീസ് അറസ്റ്റ് ചെയ്തത്.മാള പൊലീസ് സ്റ്റേഷൻ പരിധിയിലെ മോഷണക്കേസിലും വിനോദ് പ്രതിയാണ്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു

