ചേരാനല്ലൂർ ബെൻസ് കാറപകടം: 17-കാരന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം നൽകി
ചേരാനല്ലൂരിൽ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് ഒരാൾ കൊല്ലപ്പെട്ട കേസിൽ 17-കാരന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചു
കൊച്ചി: ചേരാനല്ലൂരിൽ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട ഉടമ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട കേസിൽ 17-കാരന് ജുവനൈൽ ജസ്റ്റിസ് ബോർഡും ജാമ്യം അനുവദിച്ചു. പോലീസ് സ്റ്റേഷന് മുന്നിൽ കുടുംബവും നാട്ടുകാരും പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്നാണ് പ്രതിയെ വീണ്ടും 'അപ്രിഹെൻഡ്' ചെയ്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയത്.
. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിന് വാഹന ഉടമ കൂടിയായ അഡീഷണൽ സെഷൻസ് ജഡ്ജിയെ കേസിൽ പ്രതിചേർക്കുമെന്ന് പോലീസ് അറിയിച്ചു.
. അപകടസമയത്ത് ബെൻസ് കാർ 104 കിലോമീറ്റർ വേഗതയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് പ്രതിക്കെതിരെ നരഹത്യ വകുപ്പും മോട്ടോർ വാഹന നിയമത്തിലെ 181, 183 വകുപ്പുകളും പുതുതായി ചുമത്തിയിട്ടുണ്ട്.
. വാഹനം ഓടിക്കാനുള്ള ആഗ്രഹം കാരണം കാർ എടുത്തതാണെന്നും അപകട സമയത്ത് കനത്ത മഴയുണ്ടായിരുന്നു എന്നുമാണ് 17-കാരന്റെ മൊഴി. ജാമ്യം ലഭിച്ചതിനെതിരെ ഉപരികോടതികളിൽ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം വ്യക്തമാക്കി. നിലവിലെ പോലീസ് നടപടികളിൽ തൃപ്തിയുണ്ടെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും ബന്ധുക്കൾ പ്രതികരിച്ചു.

