അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി നവംബർ 12 ന്
2012 ഫെബ്രുവരി 20 ന് എം എസ് എഫ് പ്രവർത്തകനായ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ട കേസിലാണ് സിബിഐ കോടതി വിധി പറയുന്നത്.
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ നവംബർ 12-ന് ശിക്ഷാവിധി പ്രഖ്യാപിക്കും. സി.പി.എം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരടക്കം 33 പ്രതികളുള്ള കേസിൽ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പ്രസ്താവിക്കുക. സി.ബി.ഐ സ്പെഷ്യൽ കോടതി (3) ജഡ്ജി ശബരിനാഥാണ് വിധി പറയുക.
. 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിനടുത്ത് വെച്ച് പരസ്യ വിചാരണ നടത്തി എം.എസ്.എഫ് പ്രവർത്തകനായ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. അന്നത്തെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും എം.എൽ.എയായിരുന്ന ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണമുണ്ടായതിന്റെ പ്രതികാരമായാണ് ഷുക്കൂറിനെയും സക്കറിയയെയും ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷുക്കൂർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
. കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ കെ.വി. സുമേഷ്, ഗണേഷൻ പി. എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. പി. ജയരാജൻ 32-ാം പ്രതിയും ടി.വി. രാജേഷ് 33-ാം പ്രതിയുമാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്തും കേസിൽ പ്രതിപ്പട്ടികയിലുണ്ട്. ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. 17 മാസം നീണ്ട വിചാരണയിൽ 41 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

