ഒളിവിലായിരുന്ന പി എസ് സി അഡീഷനൽ സെക്രട്ടറിയും അറസ്റ്റിൽ
പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന അഡീഷനൽ സെക്രട്ടറി ആർ ഹരിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോർഡ് ചീഫ് നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ ക്രമക്കേട് കേസിൽ ഒളിവിലായിരുന്ന പരീക്ഷാ വിഭാഗം അഡീഷനൽ സെക്രട്ടറി ആർ. ഹരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയ്യാൾ എറണാകുളത്തെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അന്വേഷണസംഘം പിടികൂടിയത്. തിരുവനന്തപുരത്ത് എത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് നേരത്തേ ഹരിയെ സസ്‌പെൻഡ് ചെയ്തിരുന്നു.
. ഇതേ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് നിലവിൽ റിമാൻഡിലാണ്. ഇരുവരെയും പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
. അന്വേഷണത്തിന്റെ ഭാഗമായി പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ നാളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. പരീക്ഷാ കൺട്രോളർ ബിനി കെ. ഏബ്രഹാമിനോട് തിങ്കളാഴ്ച ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെ നേരത്തേ ചോദ്യം ചെയ്തിരുന്നു. ചെയർമാനിൽനിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയെ ഉടൻ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്.
. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ 58 മാർക്കിന്റെ പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയ സംഭവത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. പരീക്ഷാ നടപടികളിൽ വീഴ്ചയുണ്ടായതെങ്ങനെയെന്നും ഇതിന് പിന്നിൽ ആരുടെയെങ്കിലും ഇടപെടലുണ്ടോയെന്നുമാണ് അന്വേഷണസംഘം പരിശോധിക്കുന്നത്

