വിദേശത്ത് പോകാൻ അനുവാദം ചോദിച്ച മുൻഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
ശിക്ഷിക്കപ്പെട്ടപ്പോൾ അസുഖമാണന്ന് പറഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞ ആൾ എങ്ങനെ വിദേശത്ത് ജോലി ചെയ്യുമെന്ന് കോടതി
കൊച്ചി: വിദേശത്ത് പോകാൻ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ച മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
. ശിക്ഷിക്കപ്പെട്ടതിന് ശേഷം അസുഖമെന്ന് പറഞ്ഞ് ആശുപത്രിയില്‍ കഴിഞ്ഞ ആള്‍ എങ്ങനെ വിദേശ ജോലിക്ക് പോകുമെന്ന് കോടതി ചോദിച്ചു. ''ജയിലില്‍ പോകുമ്പോള്‍ അസുഖം വരും, പുറത്ത് ഇറങ്ങുമ്പോള്‍ വിദേശത്ത് പോയി ജോലി ചെയ്യണം.'' കോടതിയുള്ളവർക്കും ബുദ്ധി ഉണ്ടെന്ന് തച്ചങ്കരി ഓർക്കണമെന്നായിരുന്നു ജസ്റ്റിസ് എ ബദറുദ്ദീൻ്റെ വിമര്‍ശനം. തച്ചങ്കരിയുടെ ചികിത്സയുടെ വിശദാംശങ്ങള്‍ കോടതി തേടിയിട്ടുണ്ട്. ആശുപത്രിയില്‍ കിടന്ന മുഴുവൻ വിവരങ്ങളും കോടതിയില്‍ ഹാജരാക്കാനാണ് നിർദേശം. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
. 2003 മുതല്‍ 2007 വരെയുള്ള കാലത്ത് ഔദ്യോഗിക പദവിയിലിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിലായിരുന്നു വിജിലന്‍സ് കോടതി കഴിഞ്ഞ സെപ്തംബര്‍ 17നാണ് മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷയ്ക്ക് വിധിച്ചത്. 4 വർഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയുമാണ് കോട്ടയം വിജിലൻസ് കോടതി വിധിച്ചത്. പിന്നീട് ഒക്ടോബര്‍ 15 ന് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് തച്ചങ്കരിക്ക് ജാമ്യം അനുവദിച്ചിരുന്നു. കേസിലെ അപ്പീല്‍ തീര്‍പ്പാകുന്നതുവരെ കോട്ടയം വിജിലന്‍സ് കോടതിയുടെ ശിക്ഷ മരവിപ്പിക്കണം എന്ന ഇടക്കാല ആവശ്യത്തിലായിരുന്നു ഹൈക്കോടതിയുടെ നടപടി.

