പയ്യോളി ഫോക്സോ കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
ഒന്നാംപ്രതി അബ്ദുൽ റഫീക്കിന്റെ ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു
കൊയിലാണ്ടി: വിവാദമായ പയ്യോളി പോക്‌സോ കേസിലെ ഒന്നാം പ്രതി അബ്ദുൾ റഫീഖിനെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതി കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയതോടെയാണ് ബുധനാഴ്ച പത്തരയോടെ ഇയാളെ കസ്റ്റഡിയിലെടുത്തത്.
. രണ്ടു വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വന്തം വീട്ടിൽ വെച്ച് കുട്ടിയുടെ മാതാവിന്റെ സുഹൃത്തായ അബ്ദുൾ റഫീഖ് പെൺകുട്ടിയെ ലൈംഗികമായി പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയുടെ മാതാവും ഇതിന് കൂട്ടുനിന്നു. ഭീഷണി പ്പെടുത്തിയും മർദ്ദിച്ചും രണ്ടു വർഷത്തോളമാണ് ഇയാൾ പെൺകുട്ടിയെ ചൂഷണം ചെയ്തത്. കുട്ടി പഠനത്തിൽ ഏറെ പിന്നോക്കം പോയതിനെ തുടർന്ന് സ്‌കൂൾ അധികൃതർ കുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കിയ പ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്.സ്‌കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പത്തു മാസം മുൻപ് പയ്യോളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പോക്സോ കേസിൽ അബ്ദുൽ റഫീഖിനെ ഒന്നാം പ്രതിയും കുട്ടിയുടെ മാതാവിനെ രണ്ടാം പ്രതിയുമാക്കി കേസെടുത്തു. തുടർന്ന് മാതാവിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തെങ്കിലും പിന്നീട് ഇവർക്ക് ജാമ്യം ലഭിച്ചു. എന്നാൽ ഒന്നാം പ്രതിയായ അബ്ദുൽ റഫീഖ് ഇതിനിടെ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു.
. ഇയാൾക്കെതിരെ അബ്സ്‌കൗണ്ടിങ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും നെടുമ്പാശ്ശേരി ഉൾപ്പെടെ രാജ്യത്തെ ഏത് വിമാനത്താവളത്തിൽ ഇറങ്ങിയാലും അപ്പോൾ തന്നെ കൈയോടെ അറസ്റ്റ് ചെയ്യുമെന്നു മായിരുന്നു പോലീസ് കുടുംബത്തിന് നൽകിയ ഉറപ്പ്.എന്നാൽ നെടുമ്പാശ്ശേരി വിമാനത്താവളം വഴി പ്രതി നാട്ടിൽ തിരിച്ചെത്തിയിട്ടും പയ്യോളി പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ തയ്യാറായില്ലെന്നായിരുന്നു ആരോപണം. തുടർന്ന് പ്രതിയുടെ ജാമ്യം റദ്ദാക്കിയെങ്കിലും ഇതിനെതിരെ പ്രതി പെറ്റീഷൻ നൽകുകയായിരുന്നു.
. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടും വടകര ചങ്ങരോത്ത് സ്വദേശിയും വ്യവസായിയുമായ അബ്ദുൽ റഫീഖ് ഒരു ദിവസം പോലും പോലീസ് കസ്റ്റഡിയിലാകാതെ പുറത്തിറങ്ങിയ സംഭവം വലിയ വിവാദ മായിരുന്നു. സംഭവത്തിൽ ദുരൂഹതയാരോപിച്ച് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിയുടെ വീടിനു മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇരയായ കുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടെന്നും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും നിഷ്‌ക്രിയത്വവുമാണ് പ്രതിക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കാൻ വഴിയൊരുക്കിയതെന്നുമാണ് ഉയർന്ന ആരോപണം.പോലീസ് സ്‌റ്റേഷനിലേക്കും നാട്ടുകാർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.വിവാദം കത്തിയതോടെ പോലീസുകാർക്കെതിരെ നടപടിയും വന്നു. സിഐ ബാബുമോൻ, സിപിഒ അബ്ദുൾ ഹമീദ് എന്നിവരെ സസ്‌പെന്റ് ചെയ്തിരുന്നു.

