സ്വകാര്യആശുപത്രിക്കെതിരെ വ്യാജ വാർത്ത സൃഷ്ടിച്ച് കൈക്കൂലി വാങ്ങാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് പിടിയിൽ
തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽസ് ഷാജഹാനെയാണ് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പോലീസ് പിടിയിലായത്
തിരുവനന്തപുരം : സ്വകാര്യ ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ തിരുവനന്തപുരം ഡിസിസി (DCC) അംഗം സുഹൈൽ ഷാജഹാനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി അധികൃതരിൽ നിന്ന് ഇയാൾ പണം കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
. തിരുവനന്തപുരം ആനയറയിലെ സബൈൻ ആശുപത്രി ഉടമ ഡോ. സബൈൻ ശിവദാസനെയാണ് സുഹൈൽ ഭീഷണിപ്പെടുത്തിയത്. ആശുപത്രിക്കെതിരെ ഓൺലൈൻ ചാനലിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും വ്യാജവാർത്ത നൽകിയ ശേഷം അത് പിൻവലിക്കാനായി 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
പണം നൽകാമെന്ന് സമ്മതിച്ച ഡോക്ടർ ഇക്കാര്യം മുൻകൂട്ടി പൊലീസിനെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ആശുപത്രിയിലെത്തി പണം കൈപ്പറ്റുന്നതിനിടെ പേട്ട പൊലീസ് ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു
. സുഹൈൽ പണം എണ്ണി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പണത്തിനായി വിലപേശുന്ന ഫോൺ സംഭാഷണവും പൊലീസിനും മാധ്യമങ്ങൾക്കും ലഭിച്ചിട്ടുണ്ട്. സുഹൈലിന് പുറമെ വ്യാജവാർത്ത തയ്യാറാക്കാൻ സഹായിച്ച ഒരു യുവതി ഉൾപ്പെടെ നാല് പേർക്കെതിരെ കൂടി പൊലീസ് കേസെടുത്തിട്ടുണ്ട്
. സംഭവം വിവാദമായതിനെത്തുടർന്ന് സുഹൈൽ ഷാജഹാനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.

