ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സ്വകാര്യ ബസ് ജീവനക്കാരായ രണ്ട് പേർ അറസ്റ്റിൽ
അടിവാരം–കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായ പുതുപ്പാടി കൈതപ്പൊയിൽ സ്വദേശി കെ.കെ. അനീഷ് (38), ക്ലീനറായ പി.എസ്. സജിത്ത് (24) എന്നിവരെയാണ് താമരശ്ശേരി അറസ്റ്റ് ചെയ്തത്.
താമരശ്ശേരി: നഗ്നദൃശ്യങ്ങൾ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇരുപതുകാരിയെ നിരന്തരം കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിലായി.
. അടിവാരം–കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായ പുതുപ്പാടി കൈതപ്പൊയിൽ സ്വദേശി കെ.കെ. അനീഷ് (38), ക്ലീനറായ പി.എസ്. സജിത്ത് (24) എന്നിവരെയാണ് താമരശ്ശേരി ഡിവൈ.എസ്.പി കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
. നരിക്കുനിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പുതുപ്പാടി പെരുമ്പള്ളി സ്വദേശിനിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ഏപ്രിലിലാണ് സംഭവങ്ങളുടെ തുടക്കം. ജോലി കഴിഞ്ഞ് ബസ് സ്റ്റാൻഡിലേക്ക് പോകുകയായിരുന്ന യുവതിയെ പ്രതികൾ കാറിലെത്തി മയക്കുമരുന്ന് നൽകി ബോധരഹിതയാക്കി തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. തുടർന്ന് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുകയും ചെയ്തതായി പോലീസ് പറയുന്നു.
. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് പല ദിവസങ്ങളിലായി ബസ്സിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചതായും യുവതി മൊഴി നൽകിയിട്ടുണ്ട്. അടിവാരത്തിന്റെ വിവിധ ഭാഗങ്ങളിലും താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപമുള്ള വിജനമായ സ്ഥലങ്ങളിലും ബസ് നിർത്തി ഷട്ടറുകൾ താഴ്ത്തിയ ശേഷമായിരുന്നു പീഡനമെന്നാണ് മൊഴി.
. പ്രതികൾക്ക് പുറമെ കണ്ടാലറിയാവുന്ന മറ്റു ചിലരും തന്നെ ഉപദ്രവിച്ചതായി യുവതി പോലീസിനെ അറിയിച്ചിട്ടുണ്ട്. പീഡനം സഹിക്കാനാകാതെ യുവതി ആദ്യം കൊടുവള്ളി പോലീസിലും പിന്നീട് കാക്കൂർ പോലീസിലും പരാതി നൽകുകയായിരുന്നു.
. തുടർന്ന് അന്വേഷണം ഏറ്റെടുത്ത താമരശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണം ഊർജിതമാക്കിയതായി ഡിവൈ.എസ്.പി അറിയിച്ചു.

