വയലാര്‍ അവാർഡ് ബെന്യാമിന്
'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ' എന്ന നോവലാണ് അവാർഡിനർഹമായത്
തിരുവനന്തപുരം: ഈ വർഷത്തെ വയലാർ രാമവർമ സാഹിത്യ പുരസ്കാരം മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ ബെന്യാമിന്. 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ' എന്ന നോവലാണ് അവാർഡിനർഹമായത്. .
കെ.ആർ മീര, ഡോ. ജോർജ് ഓണക്കൂർ, ഡോ.സി ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന ജൂറിയാണ് നാൽപത്തിയഞ്ചാം വയലാർ പുരസ്കാരം പ്രഖ്യാപിച്ചത്.
അവാർഡിൽ ഒരു ലക്ഷം രൂപ, പ്രശസ്തി പത്രം , പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന ശില്പവും അടങ്ങുന്നു. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27-ാം തീയതി വൈകിട്ട് 5.30 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ചാണ് അവാർഡ് സമർപ്പണം .
അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ബെന്യാമിൻ പ്രതികരിച്ചു.തന്റെ ആത്മാംശം വളരെയധികം ഉള്ള ഈ കൃതി, താൻ വളർന്നുവന്ന ചുറ്റുപാടിലെ രാഷ്ട്രീയ ബൗദ്ധിക സാഹചര്യങ്ങൾ കൊണ്ട് നിർമിതമാണ്.
തിരുവിതാംകൂറിന്റെ പ്രത്യയശാസ്ത്രപരമായ നിലപാടുകളോടുള്ള തന്റെ വീക്ഷണം എന്ന നിലയിൽ 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ' എന്ന നോവൽ പ്രിയപ്പെട്ടതാണെന്നും ബെന്യാമിൻ പറഞ്ഞു.

