ഉംറ ചെയ്യാന്‍ പതിനഞ്ച് ദിവസത്തെ ഇടവേള വേണമെന്ന നിബന്ധന ഒഴിവാക്കി
രണ്ടാമതൊരു ഉംറയ്ക്കുള്ള അനുമതി പത്രത്തിന് അപേക്ഷിക്കാന്‍ 15 ദിവസത്തെ ഇടവേള വേണമെന്ന നിബന്ധന ഇനിയില്ല
റിയാദ്: മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഇനി ഇടവേളകളില്ലാതെ ഉംറ ചെയ്യാം. രണ്ടാമതൊരു ഉംറയ്ക്കുള്ള അനുമതി പത്രത്തിന് 15 ദിവസത്തെ ഇടവേള വേണമെന്ന നിബന്ധന സൗദി മന്ത്രാലയം ഒഴിവാക്കി.രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇങ്ങനെയൊരു നിബന്ധന വച്ചിരുന്നത്.
ഉംറക്കായി ഇഅ്തമര്‍ന, തവക്കല്‍നാ എന്നീ മൊബൈല്‍ ആപ്പുകള്‍ വഴി ഇനി അനുമതി പത്രത്തിന് അപേക്ഷിക്കാം. മക്കയിലും മദീനയിലും പള്ളികളില്‍ എത്തുന്ന വിശ്വാസികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാതെ പള്ളികളില്‍ പ്രവേശിച്ച് ആരാധന നിര്‍വഹിക്കാന്‍ നമസ്‌കാരത്തിന് എത്തുന്നവര്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കും അനുമതി നല്‍കി. ഇതോടെ പള്ളികളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മുഴുവനാളുകളെയും പ്രവേശിപ്പിച്ചു തുടങ്ങി.
ഞായറാഴ്ച രാവിലെ പ്രഭാത പ്രാര്‍ത്ഥനയോടെയാണ് ഇത് നടപ്പായത്. മക്കയിലെ കഅ്ബയ്ക്ക് ചുറ്റും സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും സാമൂഹ്യ അകലം പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന സ്റ്റിക്കറുകളും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിയന്ത്രണങ്ങളില്ലാതെ വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പള്ളികളില്‍ പ്രവേശിക്കാനുള്ള അവസരമായി.

