ധീര ജവാന്‍മാര്‍ക്ക് ഉള്ളിയേരിയില്‍ സ്മാരകം വരുന്നു
ഉള്ളിയേരി ഗ്രാമ പഞ്ചായത്തിലെ പുത്തഞ്ചേരിയിലാണ് ജയ് ജയവാന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ യുദ്ധസ്മാരകം നിര്‍മിക്കുന്നത്

ഉള്ളിയേരി: രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ധീര ജവാന്‍മാരുടെ ഓര്‍മ നിലനിര്‍ത്തുന്നതിനായി ഉള്ളിയേരിയില്‍ യുദ്ധ സ്മാരകം വരുന്നു. ഉള്ളിയേരി ഗ്രാമ പഞ്ചായത്തിലെ പുത്തഞ്ചേരിയിലാണ് ജയ് ജയവാന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ യുദ്ധസ്മാരകം നിര്‍മിക്കുന്നത്. നിര്‍മാണം നടത്തുന്ന സ്മാരകത്തിന്റെ മാതൃകയും ബ്രോഷറും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സാന്നിധ്യത്തില്‍ ട്രസ്റ്റ് അംഗങ്ങള്‍ ചേര്‍ന്നാണ് മാതൃകയും ബ്രോഷറും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റി അജിതയ്ക്ക് കൈമാറിയത്. യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയ ജവാന്‍ മാരുടെ നിത്യസ്മാരകമായാണ് സ്മാരകം രൂപ കല്പന ചെയ്തിരിക്കുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. ജയ് ജവാന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ലിജീഷ് പുത്തഞ്ചേരി, സെക്രട്ടറി രാധാകൃഷ്ണന്‍ ഇ.കെ., നിര്‍മാണ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് മാതൃക കൈമാറിയത്.
ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സുകുമാരന്‍ ടി. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‍സണ്‍ ബീന ടീച്ചര്‍, വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‍സണ്‍ ചന്ദ്രിക പൂമഠത്തില്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഫവാസ് ഷമീം ടി.കെ., ബിജിത്ത്, നിര്‍മാണ കമ്മിറ്റി ജോ സെക്രട്ടറി ഷാജു കിണറുള്ളതില്‍ എന്നിവര്‍ സന്നിഹിതരായി. യുദ്ധ സ്മാരകം ഉള്ളിയേരി പ്രദേശത്തിന്റെ തന്നെ അഭിമാനമായി മാറട്ടേയെന്ന് പ്രസിഡന്റ് ആശംസിച്ചു.