ദശാബ്ദങ്ങളുടെ ദർശനപുണ്യവുമായി മാധവസ്വാമി
അറുപത്തിയെട്ടാമത്തെ ദർശനത്തിന് അഖിലഭാരതീയ അയ്യപ്പസേവാസംഘം വീരചക്രം നൽകി സ്വാമിയെ ആദരിച്ചു
ഉള്ളിയേരി: വൃശ്ചികം പിറന്നതോടെ തിരക്കിന്റെ നാളുകളാണ് മാധവ സ്വാമിക്ക്. ഇത്തവണ തുലാമാസം 20ന് മുദ്ര അണിഞ്ഞു. നിരവധി അയ്യപ്പ ഭക്തന്മാർക്ക് മുദ്ര നൽകുകയും, കെട്ടുനിറ, അയ്യപ്പഭജന എന്നിവയും നടത്തുകയും ചെയ്തു.
പരേതനായ ഗുരുസ്വാമി പാലാ കടപ്പാട്ടൂർ വി. എസ്. നായരുടെ കൂടെ പതിനേഴാം വയസ്സിലായിരുന്നു മാധവ സ്വാമിയുടെ കന്നിയാത്ര. അന്ന് പമ്പയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ രക്ഷാപ്രവർത്തനം നടത്തിയവരിൽ സ്വമിയുമുണ്ടായിരുന്നു. മരം മുറിച്ചിട്ട് പാലം നിർമിച്ചും ചെമ്പുപാത്രത്തിൽ ആളുകളെ ഇരുത്തിയുമൊക്കെയാണ് അന്ന് സ്വാമിമാരെ രക്ഷപ്പെടുത്തിയത്. ചില വർഷങ്ങളിൽ ഒന്നിൽ കൂടുതൽ തവണയും ദർശനം നടത്തിയിട്ടുണ്ട്. 2004 ഇൽ ശരണ പാതയിൽ ആന ഇറങ്ങിയപ്പോഴും പത്ത് വർഷം മുമ്പ് തീപിടുത്തമുണ്ടായ എപ്പോഴും സ്വാമി സന്നിധാനത്ത് ഉണ്ടായിരുന്നു.
അറുപത്തിയെട്ടാം തവണ ദർശനത്തിനു പോയപ്പോൾ അഖിലഭാരതീയ അയ്യപ്പസേവാസംഘം സന്നിധാനത്ത് വച്ച് വീരചക്രം നൽകി സ്വാമിയെ ആദരിച്ചു. ഓരോ തവണയും ദർശനം നടത്തി തിരിച്ചെത്തിയാൽ വീട് സൂക്ഷിച്ച് ചൂരൽ വടിയിൽ വെള്ളി കൊണ്ട് കെട്ടും. ഇത് നാട്ടിലെ തട്ടാന്മാരാണ് ചെയ്തു കൊടുക്കുക.
പ്രദേശത്തെ 9 ക്ഷേത്രങ്ങളിൽ ഭാരവാഹിയായ മാധവ സ്വാമി നാലു വർഷമായി അയ്യപ്പസേവാ സംഘത്തിന്റെ മെമ്പറായി പ്രവർത്തിക്കുകയാണ്. അടുത്ത മണ്ഡലകാലത്തിന് എല്ലാ അയ്യപ്പഭക്തർക്കും ഭഗവാനെ കാണണമെന്ന് പ്രാർത്ഥനയേയുള്ളൂ മാധവ സ്വാമിക്ക്.

