അറബി കാലിഗ്രാഫിയില്‍ വൈവിധ്യമൊരുക്കി കൊയിലാണ്ടിയിലെ ഫാത്തിമ ഫര്‍ഹ
ബന്ധുവിന്റെ ഗൃഹ പ്രവേശത്തിനായി വരച്ച കാലിഗ്രാഫിയാണ് വഴിത്തിരിവായത്

കൊയിലാണ്ടി: കൊയിലാണ്ടി ബീച്ച് റോഡിലെ ഖലീജ് മൻസിൽ ടി എ അബ്ദുൽ ഹമീദിന്റെ മകളായ ഫാത്തിമ ഫർഹ അറബി കാലിഗ്രാഫിയിൽ വിസ്മയം തീർക്കുകയാണ്. ഒരു വർഷത്തികം അമ്പതിലധികം അറബി വാക്യങ്ങൾ വരച്ചുതീര്‍ത്ത ഫാത്തിമ ഫർഹയ്ക്ക് പ്ലസ്‌ടു പഠനകാലത്താണ് കാലിഗ്രാഫിയോട് പ്രിയം തുടങ്ങിയത്. ബന്ധുവിന്റെ ഗൃഹ പ്രവേശത്തിനായി വരച്ച കാലിഗ്രാഫിയാണ് ഫാത്തിമയുടെ വര ജീവിതത്തില്‍ വഴിത്തിരിവായത്. ഇതു കണ്ട് ഇഷ്ടപ്പെട്ട പലരും ആവശ്യപ്പെട്ടതനുസരിച്ച് വരച്ചു നൽകി.
നോട്ടുബുക്കിൽ വരച്ച അറബി വാക്യങ്ങൾ കണ്ട മദ്രസയിലെ ഉസ്താദാണ് കാലിഗ്രാഫിയിൽ പരിശീലനം നേടണമെന്നു പറഞ്ഞ് ആദ്യ പ്രോത്സാഹനം നൽകിയതെന്ന് ഫാത്തിമ ഓര്‍ക്കുന്നു. ഫാത്തിമയുടെ ഉപ്പയുടെ അബുദാബിയിലെ സുഹൃത്തും കാലിഗ്രാഫിയുടെ ആരാധകനുമായ ഹാറൂൺ ഇതിനുവേണ്ട മഷിയും പേനയും അയച്ചു കൊടുത്തു. തുടർന്ന് കണ്ണൂരിലെ ഷഹാന അബ്ദുല്ലയുടെ കീഴിൽ കാലിഗ്രാഫിയിൽ പരിശീലനം നേടുകയും ചെയ്തു. ഒപ്പം അൻഫാസ് വണ്ടൂർ, ഫയാർട് (ഫയെസ), അജുഗ്രഫി എന്നിവരിൽനിന്ന് ഇൻസ്‌റ്റഗ്രാമിലൂടെയും വിശദമായ പരിശീലനം നേടി. വിവാഹം, ഗൃഹപ്രവേശം, ജന്മദിനം എന്നീ അവസരങ്ങളിലാണ് വരയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത്. കലം ഉപയോഗിക്കുമ്പോൾ ആദ്യമൊക്കെ പ്രയാസമായിരുന്നുവെന്നും നിരന്തര പരിശ്രമത്തിലൂടെയാണ് വഴങ്ങിയതെന്നും ഫർഹ പറഞ്ഞു.
കൊയിലാണ്ടി ബീച്ച് റോഡിൽ ഖലീജ് മൻസിൽ ടി എ അബ്ദുൽ ഹമീദിന്റെ മകളായ ഫാത്തിമ ഫർഹ ബാലുശേരി അംബേദ്കർ മെമ്മോറിയൽ ഗവ. കോളേജിലെ രണ്ടാം വർഷ ബികോം ബിരുദ വിദ്യാർഥിനിയാണ്. സി എച്ച് ഷാഹിനയാണ് ഉമ്മ.ജമീല തൻഹ, മുഹമ്മദ് സിനാൻ എന്നിവര്‍ സഹോദരങ്ങളാണ്. സ്നേഹതീരം സാംസ്‌കാരിക വേദി സംഘടിപ്പിച്ച ചടങ്ങിൽ വച്ച് ഫാത്തിമ ഫർഹയെ മന്ത്രി അഹമ്മദ് ദേവർ കോവിൽ അനുമോദിച്ചു.