പേരാമ്പ്ര ചേർമല ശ്രീ ഭഗവതി ക്ഷേത്രോത്സവം കൊടിയേറി
ഫെബ്രുവരി 10, 11, 12 തീയതികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഉത്സവം

പേരാമ്പ്ര: ചേർമല ശ്രീ ഭഗവതി ക്ഷേത്ര ഉത്സവം കൊടിയേറി. ഫെബ്രുവരി 10, 11, 12 തീയതികളിലാണ് ഉത്സവം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണത്തെ ഉത്സവവും അനുബന്ധ ചടങ്ങുകളും നടക്കുന്നത്.
പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ ചേർമലയുടെ മുകളിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിലായുഗ കാലത്തെ ശേഷിപ്പെന്ന് ഗവേഷകർ അവകാശപ്പെടുന്ന നരിമഞ്ചയെന്ന ചെങ്കൽ ഗുഹയുടെ സമീപത്താണ് ക്ഷേത്രം. നിരവധി ഭക്തജനങ്ങളാണ് പുത്തരി വെള്ളാട്ട് എന്ന പേരിൽ അറിയപ്പെടുന്ന ഉത്സവത്തിൽ പങ്കുചേരാൻ ഇവിടെ എത്തിച്ചേരുന്നത്.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മനോഹരമായ ദേവഭൂമി. ശിൽപ ചാതുര്യം വിളിച്ചോതുന്ന വിഗ്രഹങ്ങളോ നിർമിതികളോ ഇവിടെയില്ല. എങ്ങും മന്ദമാരുതൻ്റെ ആശിർവാദമേറ്റ് നിൽക്കുന്ന വനമരങ്ങൾ. ചെണ്ടമേളത്തിൻ്റെ അലയൊലികളോ എഴുന്നള്ളത്തിന് ഗജവീരന്മാരോ ഇല്ല. ചങ്കിടിപ്പിൻ്റെ സ്വരമുള്ള തുടിതാളമാണ് വെള്ളാട്ടിന് അകമ്പടി.