ഗിരീഷ് പുത്തഞ്ചേരിയ്ക്ക് സ്വന്തം വീട്ടിൽ സ്മാരകമൊരുക്കി കുടുംബം
കോഴിക്കോട് കാരപ്പറമ്പിൽ ഗിരീഷിന്റെ വീടിന്റെ മുകൾനിലയിലെ ഹാളാണ് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒരുക്കിയത്.
                        കോഴിക്കോട് : ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് ഇന്ന്
ഒരു വ്യാഴവട്ടം പൂർത്തിയാവുമ്പോൾ സ്വന്തം വീടായ 'തുളസീദള'ത്തില്‍ സ്മാരകമൊരുക്കിയിരിക്കുകയാണ് പുത്തഞ്ചേരിയുടെ കുടുംബം.
കോഴിക്കോട് കാരപ്പറമ്പിൽ ഗിരീഷിന്റെ വീടിന്റെ മുകൾനിലയിലെ ഹാളിലാണ് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒരുക്കിയത്. അദ്ദേഹത്തിനു ലഭിച്ച ഒട്ടനേകം അവാർഡ് ശില്പങ്ങൾ, ഫലകങ്ങൾ, പ്രിയപ്പെട്ട പുസ്തകങ്ങൾ, ഉപയോഗിച്ച പേന, വാച്ച്, മൊബൈൽഫോൺ, പേഴ്സ്, വാക്മാൻ, കണ്ണട, വെറ്റിലച്ചെല്ലം, ചെരിപ്പ് അങ്ങനെ എല്ലാം ഇവിടെ ഓർമ്മയ്ക്കായി സൂക്ഷിച്ചിട്ടുണ്ട്.
സ്വർണം കെട്ടിയ രുദ്രാക്ഷവും നവരത്നമോതിരവും ഒരു ചെപ്പിലടച്ച് സൂക്ഷിച്ചിരിക്കുന്നു. മരണത്തിന് ഏതാനും ദിവസംമുമ്പ് താൻ ഏറെ ആരാധിച്ചിരുന്ന വയലാർ രാമവർമയുടെ വീടായ രാഘവപ്പറമ്പിൽനിന്ന് അമൂല്യനിധിപോലെ ഗിരീഷ് ശേഖരിച്ചുകൊണ്ടുവന്ന മണ്ണ്, വയലാറിന്റെ ചെരിപ്പിന്റെ ഒരു കഷണം എന്നിവയും കൂട്ടത്തിലുണ്ട്. കറുത്ത ഷർട്ടും കാവിമുണ്ടുമായിരുന്നു ഗിരീഷേട്ടന് ഏറ്റവും പ്രിയം. രണ്ടും സൂക്ഷിച്ചിട്ടുണ്ട് എന്നും ഭാര്യ ബീന പറഞ്ഞു.

