കനത്ത മഴയെ തുടർന്ന് തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് മാറ്റിവച്ചു
കാലാവസ്ഥ അനുകൂലമാകുന്ന പക്ഷം വെടിക്കെട്ട് ഇന്ന് നടത്തും

തൃശൂർ : കനത്ത മഴയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ച മൂന്ന് മണിക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് മാറ്റിവെച്ചു.. കാലാവസ്ഥ അനുകൂലമാകുകയാണെങ്കിൽ ബുധനാഴ്ച വെടിക്കെട്ട് നടത്തും. ഇന്നത്തെ കാലാവസ്ഥ അനുസരിച്ചാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
വെടിക്കെട്ടിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നെങ്കിലും കുട മാറ്റത്തിനു ശേഷം ആരംഭിച്ച കനത്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുകയായിരുന്നു. ഇതിനാലാണു പുലർച്ചെ നടക്കേണ്ടിയിരുന്ന വെടിക്കെട്ട് മാറ്റി വച്ചതെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
കാലാവസ്ഥ അനുകൂലമാകുന്ന സന്ദർഭത്തിൽ വെടിക്കെട്ട് നടത്തുമെന്ന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ അറിയിച്ചിരുന്നു.ചൊവ്വാഴ്ച കുടമാറ്റ സമയം മുതൽ തൃശ്ശൂരിൽ നേരിയ മഴ ഉണ്ടായിരുന്നു. വൈകീട്ടോടെ മഴ ശക്തമായി. അത് രാത്രി വൈകിയും തുടർന്നതോടെയാണ് വെടിക്കെട്ട് മാറ്റി വെക്കാൻ തീരുമാനിച്ചത്. പിന്നീട് അർദ്ധരാത്രി യോടെയാണ് ബുധനാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താൻ ഏകദേശ ധാരണയിലെത്തിയത്.