ആവേശമായി കൈതക്കലിൽ അറുപത് മങ്കമാർ അണിനിരന്ന മെഗാ തിരുവാതിര
ജ്ഞാനോദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് പുളിക്കൂൽ പൊയിലാണ് പരിപാടി സംഘടിപ്പിച്ചത്
പേരാമ്പ്ര: മെഗാ തിരുവാതിരയുമായി ഓണാഘോഷത്തിന് മാറ്റ് കൂട്ടി കൈതക്കലിലെ ജ്ഞാനോദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് പുളിക്കൂൽ പൊയിൽ. പ്രദേശവാസികളായ അറുപത് സ്ത്രീകളാണ് മലയാളി മങ്കമാരായി തിരുവാതിരക്കളിയിൽ പങ്കുചേർന്നത്.
പ്രദേശത്ത് ആദ്യമായാണ് മെഗാ തിരുവാതിര സംഘടിപ്പിക്കുന്നത്. മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് തിരുവാതിരക്കളിക്കായി പരിശീലിച്ചത്. കോവിഡ് സൃഷ്ടിച്ച രണ്ടുവർഷത്തെ അകലത്തിന് ശേഷം നാടൊന്നുചേർന്നപ്പോൾ ഓണം അവിസ്മരണീയമായ ഒരേടായി.
ഉത്രാടദിനത്തിൽ വൈകീട്ട് നടന്ന മെഗാതിരുവാതിര കാണാൻ നിരവധി പേരാണ് ഒത്തു ചേർന്നത്. തുടർന്ന് തിരുവോണദിനത്തിൽ രാവിലെ മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചു.
പരിപാടികളുടെ ഭാഗമായി 'സൈബർ ലോകം നാം അറിയേണ്ടത്' എന്ന ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കേരളപൊലീസ് സൈബർ സെൽ വിഭാഗത്തിലെ രംഗീഷ് കടവത്ത് ക്ലാസിനു നേതൃത്വം നൽകി.

