പ്രൊഫഷണൽ നാടകോത്സവം നാളെ മുതൽ നൊച്ചാട്ട് നടക്കും
അഡ്വക്കേറ്റ് കെഎം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്യും
നൊച്ചാട്: സമീക്ഷ ദി ഗ്രൂപ്പ് ആർട്സ് ആൻഡ് കൾച്ചറൽ സെൻറർ സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രൊഫഷണൽ നാടക മത്സരം ശനിയാഴ്ച മുതൽ ഡിസംബർ ഒന്നു വരെ നൊച്ചാട് ഗവൺമെൻറ് ആയുർവേദ ആശുപത്രിക്ക് സമീപം ഒരുക്കിയ ഗോപാലൻകുട്ടി പണിക്കർ നഗറിൽ നടക്കും. വൈകിട്ട് ആറുമണിക്ക് ബാലുശ്ശേരി എംഎൽഎ അഡ്വക്കേറ്റ് കെഎം സച്ചിൻ ദേവ് സർഗ്ഗ വസന്തം ഗ്രാമീണ കലാവിരുന്ന് പരിപാടി ഉദ്ഘാടനം ചെയ്യും.
27ന് നാടക മത്സരം ചലച്ചിത്രതാരം സോനാ നായർ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ആറ്റിങ്ങൽ ശ്രീധന്യയുടെ നാടകമായ ലക്ഷ്യം അരങ്ങേറും. 28ന് രാത്രി 7 30ന് കോഴിക്കോട് രംഗഭാഷ ഒരുക്കുന്ന മുക്കുത്തി, 29ന് കൊച്ചിൻ ചന്ദ്രകാന്തയുടെ ഒന്നാം സാക്ഷി, മുപ്പതിന് വള്ളുവനാട് നാദം അവതരിപ്പിക്കുന്ന പ്രകാശം പരത്തുന്ന വീട്, ഡിസംബർ ഒന്നിന് സമാപന സമ്മേളനം അവാർഡ് നൈറ്റ് എന്നിവയും നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സമാപന സമ്മേളനം ടി പി രാമകൃഷ്ണൻ എംഎൽഎയാണ് ഉദ്ഘാടനം ചെയ്യുക. ചലച്ചിത്രതാരം മധുപാൽ മുഖ്യാതിഥിയായിരിക്കും. രാത്രി 8 മണിക്ക് ഇതിഹാസം എന്ന നാടകം അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും. വാർത്താ സമ്മേളനത്തിൽ അനിൽ മച്ചാട് സബിനേഷ് നൊച്ചാട് എന്നിവർ പങ്കെടുത്തു.

