സ്കൂൾ കലോത്സവ വേദിയിലേക്ക് ആസ്വാദക പ്രവാഹം
ഒട്ടുമിക്ക വേദികളിലും ആളുകൾ നിറഞ്ഞുകവിഞ്ഞു
വടകര :രണ്ട് വർഷക്കാലത്തെ കോവിഡ് കാല ഇടവേളയ്ക്കു ശേഷം വീണ്ടും ജില്ലാ സ്കൂൾ കലോത്സവം എത്തിയ വടകരയിലെ വേദികളിലേക്ക് ആസ്വാദകരുടെ പ്രവാഹം. സ്കൂൾ അവധിയും ഒരുമിച്ചു വന്ന കഴിഞ്ഞ ദിവസം കടത്തനാടൻ മണ്ണ് സാക്ഷ്യം വഹിച്ചത് അഭൂതപൂർവമായ തിരക്കിനാണ്. ഒട്ടുമിക്ക വേദികളിലും ആളുകൾ നിറഞ്ഞുകവിഞ്ഞു. ഇരിക്കാനിടം കിട്ടാതെ കാണികൾ തിങ്ങി നിറഞ്ഞ് വശങ്ങളിൽ നിന്നു.
വടകരയുടെ നാടക പ്രേമത്തിന്റെ നേർ സാക്ഷ്യമായിരുന്നു ടൗൺഹാൾ കണ്ടത്. ഹൈസ്കൂൾ വിഭാഗം നാടക മത്സരം കാണാൻ രാവിലെ മുതൽ നാടക പ്രേമികൾ തടിച്ചു കൂടിയിരുന്നു. എണ്ണൂറോളം സീറ്റുകളാണ് നഗരസഭാ ടൗൺഹാളിലുള്ളത്. എന്നാൽ ടൗൺഹാളിന്റെ ഇരുനിലകളിലെയും സീറ്റുകൾ നിറഞ്ഞു കവിഞ്ഞ നാടകാസ്വാദകർ ഹാളിന്റെ ഇരുവശങ്ങളിലും പിന്നിലെ വാതിലിനു സമീപവും കൂട്ടം കൂടി നിന്നാണ് നാടകം കണ്ടത്.
രാവിലെ 9 നു നാടകം ആരംഭിക്കുമെന്ന അറിയിപ്പ് കേട്ട് അതിനു മുൻപെ ടൗൺഹാളിൽ ഇരിപ്പിടം ഉറപ്പിച്ച മിക്കവരും പാതിരാത്രി പിന്നിട്ടിട്ടും കിട്ടിയ കസേര കൈവിടാതെ നാടകത്തിൽ മുഴുകിയിരിക്കുന്ന കാഴ്ചയാണ് കണ്ടത്. രാവിലെ ഒന്നര മണിക്കൂറിലേറെ വൈകി ആരംഭിച്ച മത്സരം, ഓരോ നാടകത്തിനു ശേഷവും വേദിയിൽ സെറ്റ് ഒരുക്കാനുള്ള കാലതാമസം കാരണം രാത്രി വൈകിയും തുടരുകയാണ്. മുതിർന്ന നാടകസ്വാദകർക്കൊപ്പം സ്ത്രീകളും കുട്ടികളും അടങ്ങിയ വലിയൊരു കൂട്ടം നാടകത്തെ ഗൗരവമായി ആസ്വദിക്കുന്ന കാഴ്ച നാടകം മരിക്കുന്നില്ലെന്നതിന്റെ പ്രത്യക്ഷ തെളിവ് കൂടിയായി. വടകരയുടെ പഴയകാല നാടക പാരമ്പര്യത്തിന്റെ തുടർച്ച പുതിയ തലമുറയും പിന്തുടരുന്നുവെന്നതിന്റെ തെളിവു കൂടിയായിരുന്നു പ്രൗഢമായ ഈ നാടക സദസ്സ്.

