മലയാള നാടിൻറെ സ്പന്ദനവും രോമാഞ്ചവുമായ യു. എ. ഖാദറിന് നാട്ടു നെഞ്ചിൽ ആദരം
പരിപാടി നോവലിസ്റ്റ് ബി. എം. സുഹറ ഉദ്ഘാടനം ചെയ്യും

തിക്കോടി: ബർമ്മയിൽ ജനിച്ച് മലയാളത്തിന്റെ ഹൃദയ സ്പന്ദനമായി മാറിയ പ്രശസ്ത എഴുത്തുകാരന്റെ ഓർമ്മ പൂക്കളുമായി നാടും സാംസ്കാരിക മനസ്സും ഡിസംബർ 27ന് തിക്കോടിയിൽ ഒത്തുചേരുന്നു. ഓർമ്മകൾ തുടിച്ചു നിൽക്കുന്ന "സീതീസ്" ഭവനത്തിലാണ് ഓർമ്മക്കളം ഒരുങ്ങുന്നത്. കഥാകാരന്റെ ഓർമ്മകളെ കോരിയെടുക്കാൻ മലയാളത്തിലെ പ്രശസ്തരായ ഒരുപാട് പ്രതിഭകൾ അവിടെയെത്തും.
കാലത്തു നടക്കുന്ന നവ എഴുത്തുകാരുടെ "പെരുമയുടെ പൊരുൾ" പരിപാടി നോവലിസ്റ്റ് ബി. എം. സുഹറ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന ചർച്ചയിൽ ചന്ദ്രശേഖരൻ തിക്കോടി, ഇബ്രാഹിം തിക്കോടി, സോമൻ കടലൂർ, പുഷ്പൻ തിക്കോടി, സി. കുഞ്ഞമ്മദ്, മഹമൂദ് മൂടാടി എന്നിവർ പങ്കെടുക്കും.
തുടർന്ന്, സായാഹ്ന നേരത്ത് നടക്കുന്ന അനുസ്മരണ ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും. കെ. ഇ. എൻ. കുഞ്ഞമ്മദ് മുഖ്യപ്രഭാഷണം നടത്തും ഖദീജ മുംതാസ് മുഖ്യ അതിഥിയായിരിക്കും. പി. എൻ. ഗോപി കൃഷ്ണൻ, യു. ഹേമന്ത്കുമാർ, യു. എ. ഫിറോസ് എന്നിവരും പങ്കെടുക്കും. തുടർന്ന്, "ഗസൽ പെയ്തിറങ്ങുന്ന രാവ്" സംഗീത പരിപാടിയും ഉണ്ടായിരിക്കും.