കലോത്സവത്തിന്റെ പ്രചരണാർത്ഥം മിഠായി തെരുവിൽ സ്ത്രീകളുടെ തെരുവ് നാടകം
വാ നമുക്കൊരു നാടകം കളിച്ചാലോ എന്ന പേരിലായിരുന്നു നാടകാവതരണം
കോഴിക്കോട്: കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തെ സ്വാഗതം ചെയ്ത് വിമൻസ് ടീച്ചേഴ്സ് തിയേറ്റർ മിഠായിത്തെരുവിൽ തെരുവ് അവതരിപ്പിച്ചു. വാ നമുക്കൊരു നാടകം കളിച്ചാലോ എന്ന പേരിലായിരുന്നു നാടകാവതരണം. ബഷീറിന്റെ പാത്തുമ്മയും എം.ടി.വാസുദേവൻ നായരുടെ "ഓപ്പോളും ആർ.രാജശ്രീയുടെ "ദാക്ഷായണി'യുമൊക്കെ മിഠായിത്തെരുവിലിറങ്ങി നാട്ടുകാരോടു സംസാരിച്ചു.
കലോത്സവത്തിനു മുന്നോടിയായി സംസ്ഥാനത്തെ വിവിധ സ്കൂളുകളിലെ അധ്യാപികമാരാണ് തെരുവുനാടകത്തിന്റെ പുത്തൻ പരീക്ഷണവുമായി ഇന്നലെ വൈകീട്ട് നഗരത്തിലിറങ്ങിയത്. അധ്യാപികമാരുടെ കൂട്ടായ്മയായ ശ്രാവണിക-അമാൽഗമേഷൻ ഓഫ് ആർട്സിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി .
സ്കൂൾ കലോത്സവങ്ങളിലും സർവകലാശാലാ കലോത്സവങ്ങളിലും കലാതിലകമായിരുന്ന നർത്തകി പി.സുകന്യയാണ് നാടകം സംവിധാനം ചെയ്തത്. മീഞ്ചന്ത രാമകൃഷ്ണ മിഷൻ എച്ച്എസ്എസ്സിലെ അധ്യാപികയാണ് സുകന്യ. ഇതേ സ്കൂളിലെ സാജിത കമാൽ, പി.കെ.ജ്യോത്സ്ന, കൊണ്ടോട്ടി ജിവിഎച്ച്എസ്എസ്സിലെ സ്മിത ശിവരാമൻ എന്നിവരാണ് നാടകത്തിന്റെ രചന നിർവഹിച്ചത്. കണ്ണൂർ തടിക്കടവ് ജിഎച്ച്എസ്സിലെ അധ്യാപിക ജിഷ. സി.ചാലിലാണ് കലാ സംവിധാനം.

