കൊയിലാണ്ടി കോഴിക്കോട് റൂട്ടിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക ഇന്നത്തെ യാത്ര തടസ്സപ്പെടും
കൊയിലാണ്ടി മേൽപ്പാലം വഴി ഉള്ള്യേരി, അത്തോളി പാവങ്ങാട് റൂട്ടിൽ ഇന്ന് വാഹനപ്പെരുപ്പമുണ്ടാകും
കൊയിലാണ്ടി: കൊയിലാണ്ടി കോഴിക്കോട് ദേശീയപാതയിൽ ഇന്ന് ഉച്ചയ്ക്കുശേഷം യാത്ര തടസ്സപ്പെടാൻ സാധ്യത.എങ്കിലും യാത്രക്കാർക്ക് അല്പം ദൂരം അധികം സഞ്ചരിച്ചാണെങ്കിലും ഇരു ഭാഗത്തേക്കും പോകുന്നതിന് അധികൃതർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പൊയിൽക്കാവ് ദുർഗാദേവീ ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവ ദിവസമായ ഞായറാഴ്ച ദേശീയപാതയിൽ ഗതാഗതക്കുരുക്കിന് സാധ്യത കണക്കിലെടുത്ത് നിയന്ത്രണം ഏർപ്പെടുത്തിയത്.
വൈകീട്ട് 4 മണിമുതൽ രാത്രി 9 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തി യിട്ടുള്ളത്. കണ്ണൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ കൊയിലാണ്ടി മേൽപ്പാലം വഴി ഉള്ള്യേരി, അത്തോളി പാവങ്ങാട് വഴി പോകണം.കോഴിക്കോടു നിന്നും വരുന്ന വാഹനങ്ങൾ പാവങ്ങാട്, അത്തോളി ഉള്ള്യേരി, കൊയിലാണ്ടിവഴി പോകേണ്ടതാണ്.ദേശീയപാതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ ഇരു ഭാഗത്തേക്കും കടന്നു പോകുന്നതിനാൽ കൊയിലാണ്ടിയിൽ നിന്നും ഉള്ളിയേരി അത്തോളി വഴി പാവങ്ങാട് വരെ റോഡിൽ നല്ല തിരക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്.
പേരാമ്പ്ര കുറ്റ്യാടി ഭാഗത്തേക്ക് പോകുന്നവർക്ക് ബാലുശ്ശേരി വഴി ഉള്ളേരി പേരാമ്പ്രയിലൂടെ പോകാവുന്നതാണ്. അതേപോലെ ബാലുശ്ശേരി കൂട്ടാലിട വഴിയും പേരാമ്പ്രയിലേക്ക് സഞ്ചരിക്കാം. ഗതാഗതം തടസ്സപ്പെടാതിരിക്കാൻ വേണ്ടി കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന ചരക്ക് വാഹനങ്ങൾ നന്തി മേഖലയിൽ ഒഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്യണം, കോഴിക്കോട് ഭാഗത്തു നിന്നു വരുന്ന ചരക്ക് വാഹനങ്ങൾ എലത്തൂർ ഭാഗത്ത് നിർത്തിയിടണമെന്നും കൊയിലാണ്ടി എസ്.ഐ. പി.എം. ശൈലേഷ് അറിയിച്ചു

