കാപ്പാട് മാസപ്പിറവി കണ്ടു; നാളെ മുതൽ കേരളത്തിൽ റമദാൻ
വിശ്വാസി സമൂഹം ഒരു മാസം നീണ്ടു നിൽക്കുന്ന വ്രതമനുഷ്ഠിക്കാൻ ഒരുങ്ങി
കോഴിക്കോട്: കേരളത്തിൽ കോഴിക്കോട് ജില്ലയിലെ കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനെ തുടർന്ന് നാളെ കേരളത്തിൽ റമദാൻ വ്രതം ആരംഭിക്കും.കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ (വ്യാഴം)റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് എന്നിവർ അറിയിച്ചു. കേരളത്തിൽ നാളെ മുതൽ റമദാൻ വ്രതത്തിന് തുടക്കമാണെന്ന് സംയുക്ത ഖാദിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും ഖലീലുൽ ബുഖാരി തങ്ങളും സ്ഥിരീകരിച്ചു. മാസപ്പിറവി കണ്ടതായി പണ്ഡിതന്മാർ സ്ഥിരീകരിച്ചതോടെയാണ് റമദാൻ വ്രതത്തിന് തുടക്കമായിരിക്കുന്നത്.
കാപ്പാടും തമിഴ്‌നാട്ടിലെ കുളച്ചലിലുമാണ് മാസപ്പിറവി ദൃശ്യമായിരിക്കുന്നത്. ഇനിയുള്ള ഒരു മാസക്കാലം ഇസ്ലാം മത വിശ്വാസികൾക്ക് വ്രതശുദ്ധിയുടെ ദിനങ്ങളാണ്. പകൽ സമയങ്ങളിൽ ഭക്ഷണവും പാനീയങ്ങളും ഉപേക്ഷിക്കുന്ന വിശ്വാസികൾ രാത്രി കൂട്ട പ്രാർത്ഥനകളിൽ മുഴുകും. റമദാൻ മാസക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു സവിശേഷതയാണ് ദാനധർമ്മങ്ങൾ. ഉള്ളവൻ ഇല്ലാത്തവനെ സഹായിക്കുക എന്ന ഇസ്ലാമിക കാഴ്ചപ്പാടാണ് ദാനധർമ്മങ്ങളിലൂടെ സഫലീകരിക്കുക.
ഭക്ഷണത്തിലും ജീവിത രീതികളിലും നിഷ്ഠ പുലർത്തി പകൽ സമയം വേദഗ്രന്ഥ പരായണത്തിലും അനുഷ്ഠാനങ്ങളിലും മുഴുകി വിശ്വാസികൾ ആത്മീയ ചൈതന്യം കൈവരിക്കുന്ന ദിവസങ്ങളാണ് റമദാൻ ദിനങ്ങൾ. ഒരു മാസക്കാലത്തെ വ്രതത്തിനു ശേഷം മാനത്തെ അമ്പിളിക്കല കാണുന്നതോടെ വ്രതത്തിന് സമാപനം കുറിച്ചുള്ള ഈദുൽഫിത്തർ ആഘോഷിക്കും.നടുവണ്ണൂർ ന്യൂസിന്റെ എല്ലാ പ്രിയ വായനക്കാർക്കും റമദാൻ ആശംസകൾ .

