വിഷുവിനെ വരവേറ്റ് മലയാളി; ഗുരുവായൂർ അടക്കം ക്ഷേത്രങ്ങളിൽ തിരക്ക്
സമ്പൽസമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും വിഷു; കണി കണ്ടുണർന്ന് കേരളം

ഐശ്വര്യത്തിന്റേയും കാർഷിക സമൃദ്ധിയുടേയും ഓർമകൾ പുതുക്കി ഇന്ന് വിഷു. കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളി.മേടം ഒന്നിന് വിഷുക്കണി ദര്‍ശിച്ചാല്‍ അതിന്റെ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും അടുത്ത വിഷുവരെ അനുഭവിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. വിഷുക്കോടി ഉടുത്ത് വിഷു കൈ നീട്ടം നല്‍കിയും വാങ്ങിയും വിഷു സദ്യ നടത്തിയും ആഘോഷത്തോടെയാണ് ഈ ദിവസം മലയാളികൾ ആചരിക്കുന്നത്.
നിറഞ്ഞു കത്തുന്ന നിലവിളക്കിന് മുന്നിൽ സ്വർണ്ണ നിറമുള്ള കൊന്നപ്പൂക്കൾ. ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ ഓർമ്മപ്പെടുത്തലായി കണിവെള്ളരിയും ഫലങ്ങളും. കണി കണ്ട് കഴിഞ്ഞാൽ കൈനീട്ടമാണ്. കുടുബത്തിലെ മുതിർന്നവർ കയ്യിൽ വച്ച് തരുന്ന അനുഗ്രഹം കൂടിയാണിത്. പിന്നെ നാട്ടുരുചിയുമായി സദ്യവട്ടം. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷങ്ങൾ വേറെയും. സൂര്യൻ മീനം രാശി വിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സമയമാണിത്. കേരളത്തിലെ കർഷകർക്ക് അടുത്ത വാർഷിക വിളകൾക്കുള്ള തയാറെടുപ്പിന്‍റെ കാലം കൂടിയാണ് വിഷു.
മേട വിഷു ഒരു കാര്‍ഷികോത്സവം കൂടിയാണ്. കൊവിഡ് നിയന്ത്രണിമില്ലാത്ത രണ്ടാം വിഷുവാണിത്. വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍, അടുത്ത വിഷുവരെയുള്ള ഒരാണ്ടുകാലം ഉണ്ടാവുമെന്നാണ് വിശ്വാസം. മലയാളിയുടെ പുതുവർഷാരംഭം കൂടിയാണ് ഈ ദിനം. ഐതിഹ്യത്തിന്‍റെ അനവധി കഥകൾ വിഷുവിനോടു ചേർന്നു നിൽക്കുന്നുണ്ടെങ്കിലും കാർഷികസമൃദ്ധിയുടെ ആഘോഷമാണു മലയാളിക്ക് വിഷു. ഒരു വർഷത്തിന്‍റെ മുഴുവൻ പ്രതീക്ഷകളും നിറയുന്ന ദിനം.