headerlogo
cultural

ബിജു വാകയാടിന്റെ നോമ്പിന് ഇരുപത് വയസ് തികഞ്ഞു

നോമ്പാണ് കൂട്ടുകാരന്റെ അസുഖത്തിനുള്ള മരുന്നെന്ന് മനസിലായപ്പോഴാണ് ഒരിക്കല്‍ ബിജുവും ഒരു നോമ്പ് പരീക്ഷിച്ചത്

 ബിജു വാകയാടിന്റെ നോമ്പിന് ഇരുപത് വയസ് തികഞ്ഞു
avatar image

NDR News

17 Apr 2023 11:40 PM

വാകയാട്: റംസാന്‍ കാലത്ത് വേറിട്ട നോമ്പ് വാര്‍ത്തകള്‍ വരാറുണ്ട്. എന്നാല്‍‍ ഇത് വരേ വാര്‍ത്തകളിലൊന്നും പ്രത്യക്ഷപ്പെടാതെ ഇവിടൊരാള്‍ നോമ്പിന്റെ ഇരുപത് വര്‍ഷം പിന്നിടുകയാണ്.വാകയാട് ശ്രീപത്മം, രാഘവന്‍ പത്മാവതി ദമ്പതികളുടെ മകനും പ്രദേശത്തെ അറിയപ്പെടുന്ന ഫുട്ബാള്‍ കോച്ചും കളിക്കാരനുമായ ബിജു വാകയാടാണ് റംസാനില്‍ മുഴുവന്‍ നോമ്പെടുത്ത് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുന്നത്.

      നോമ്പെടുത്ത്‍ തുടങ്ങിയ സാഹചര്യം ബിജുവിന്റെ മനസില്‍ഇന്നലെയെന്നോണം തെളിഞ്ഞ് കിടക്കുന്നുണ്ട്. വര്‍ഷം മുഴുവന്‍ അസുഖക്കാരനായിരുന്ന തന്റെ കളിക്കൂട്ടുകാരന്‍ കുഞ്ഞായന്‍ കുട്ടിയോടൊപ്പം ആശുപത്രിയും ഡോക്ടറുമായി കയറിയിറങ്ങി നടക്കുന്ന കാലം. എന്നാല്‍ നോമ്പ് തുടങ്ങുന്ന ഒരു മാസം മാത്രം കുഞ്ഞായന്‍ കുട്ടിക്ക് ഡോക്ടറെ കാണിച്ചില്ലെങ്കിലും ഒരസുഖവുമില്ല. നോമ്പാണ് കൂട്ടുകാരന്റെ അസുഖത്തിനുള്ള മരുന്നെന്ന് മനസിലായപ്പോഴാണ് ഒരിക്കല്‍ താനും ഒരു നോമ്പ് പരീക്ഷിച്ചത്. അത് പിന്നീടങ്ങ് തുടര്‍ന്ന്, ഇപ്പോള്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ഓണം, വിഷു തുടങ്ങിയ വിശേഷാല്‍ ദിവസങ്ങള്‍ നോമ്പിനിടയില്‍ വരുന്ന ദിവസം മാത്രമേ നോമ്പ് ദിനം നഷ്ടമായിട്ടുള്ളൂ.

 

     സ്ഥിരം നോമ്പുകാരില്‍ നിന്ന് വ്യത്യസ്തമാണ് നോമ്പ് കാലത്തെ ബിജുവിന്റെ ഭക്ഷണ രീതി. നോമ്പെടുക്കുമ്പോള്‍ കാര്യമായി ഒരു നേരത്തെ ഭക്ഷണം മാത്രമേയുള്ളൂ. അത്താഴമായി ഒരു ഗ്ലാസ് കഞ്ഞി അല്ലെങ്കില്‍ ചൂട് വെള്ളം.തുറക്കുമ്പോള്‍ കുറച്ച് പഴം ജ്യൂസ്, പിന്നെ കുറച്ച് കാര്യമായൊരു ഭക്ഷണവും.നോമ്പ് കാലത്ത് പൊതുവേ ആളുകള്‍ അതി കഠിനമായി ചെയ്യേണ്ട ജോലികളില്‍ നിന്ന് പരമാവധി വിട്ട് നില്‍ക്കുകയാണ് ചെയ്യുക. എന്നാല്‍ ബിജുവിന് ഈ പൊരി വെയിലത്തും നോമ്പായാലും ദൈനം ദിന പരിശീലനങ്ങളില്‍ നിന്നോ കളിയില്‍ നിന്നോ വിട്ടു നില്‍ക്കാനാവില്ല.രാവിലെ ഒന്നര മണിക്കൂറെങ്കിലും കുട്ടികള്‍ക്ക് ഫുട്ബാള്‍ പരിശീലനം നല്‍കും. വൈകുന്നേരം ഒരു മണിക്കൂറെങ്കിലും കളിയും. ഇതും കഴിഞ്ഞ് ബാങ്ക് വിളിക്കുമ്പോഴെക്കും നോമ്പ് തുറക്കായി വീട്ടിലെത്തും. തുറക്കാനുള്ള ഭക്ഷണമെല്ലാം ഭാര്യ റെഡിയാക്കി വച്ചിരിക്കും. പകല്‍ സമയം ജീവസന്ധാരണാര്‍ത്ഥം ഗുഡ്സ് ഓട്ടോ‍‍‍ഡ്രൈവറായി ജോലിയും ചെയ്യും.ജോലി എന്ന നിലയില്‍ ഡ്രൈവറാണെങ്കിലും ബാല്യം മുതല്‍ ബിജുവിന്റെ സിരകളില്‍ ഇഴുകിച്ചേര്‍ന്നത് ഫുട്ബോളാണ്. പഠിക്കുന്ന കാലത്ത് തന്നെ വാകയാട് സ്കൂളിലെ മികച്ചൊരു സ്പോര്‍ട്സ് താരമായിരുന്ന ബിജു.

 

      സ്കൂളില്‍‍ നിന്ന് വിട്ടിട്ടും കാല്‍പന്ത് കളി വിട്ടില്ല. ജോലിക്കിടയില്‍ തന്നെ ജില്ലയില്‍ വിവിധയിടങ്ങളില്‍ കോച്ചായും, ജില്ലാ തലത്തിലും ലീഗ് മത്സരങ്ങളിലും കളിക്കാരനായും ബിജു കാല്‍ പന്തിനെ പുണര്‍ന്ന് ജീവിച്ചു. ഫുട്ബോളിനോടുള്ള ബിജുവിന്റെ പ്രണയം തന്റെ കൊച്ചു വീടിന്റെ അകത്തും പുറത്തുമെല്ലാം ദൃശ്യമാണ്. ഫുട്ബാള്‍ ഗ്രൗണ്ട് മാതൃകയില്‍ പുല്ല് വെച്ച് പിടിപ്പിച്ച് ഗോള്‍ പോസ്റ്റ് സ്ഥാപിച്ച വീട്ടുമുറ്റത്തേക്ക് കയറുമ്പോള്‍ തന്നെ ഒരു സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്ന പ്രതീതി. വരാന്തയിലും ഷോകെയ്സിലു മെല്ലാം നിറഞ്ഞ് നില്‍ക്കുന്നത് ഫുട്ബാള്‍ പ്രതീകങ്ങളും ഫലകങ്ങളും‍. കാല്‍പന്തിനെ ബിജു എത്രമാത്രം പ്രണയിക്കുന്നുവെന്നതിന് തെളിവാണിതെല്ലാം.

 

     നടുവണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മെട്രോ ഫുട്ബോള്‍ അക്കാദമിയുടെ ചീഫ് കോച്ചായ ബിജു ടീം തേട്ടി നടുവണ്ണൂരിന്റെ സജീവ പ്രവര്‍ത്തകനുമാണ്. നടുവണ്ണൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന ഷിനിയാണ് ഭാര്യ.മൂത്ത മകള്‍ അല്‍ഗ ഡല്‍ഹി യൂണി വേഴ്സിറ്റിയില്‍ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയും ഇളയവള്‍ വൈഗ നടക്കാവ് ഗവ. ഹൈസ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. രണ്ടാമത്തവളെ നല്ലൊരു ഫുട്ബാള്‍ താരമായി വളര്‍ത്തിയെടുക്കാനാണ് പദ്ധതി.വര്‍ഷത്തിലൊരു മാസം നോമ്പാക്കി മാറ്റുമ്പോള്‍‍ ശാരീരികവും മാനസികവു മായുണ്ടാവുന്ന ഉണര്‍വ് താന്‍ അനുഭവിച്ചറിയുകയാണെന്ന് പറയുന്ന ബിജു, ഓരോ നോമ്പ് കാലം വിട പറയുമ്പോഴും അടുത്ത  നോമ്പിനായി മടുപ്പില്ലാതെ കാത്തിരിക്കും.

ബിജു വാകയാട് :9946159207

NDR News
17 Apr 2023 11:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents