ലോക റെക്കോർഡിലേക്ക് ചുവടുവെച്ച് തൃശ്ശൂരിൽ മെഗാ തിരുവാതിര
കുട്ടനെല്ലൂർ ഗവ. കോളേജ് മൈതാനത്താണ് 7027 മങ്കമാർ ചുവടുവച്ച മെഗാ തിരുവാതിര അരങ്ങേറിയത്

തൃശൂർ :ലോക റെക്കോഡുമായി തൃശൂരിന്റെ മണ്ണിലൊരു തിരുവാതിരച്ചുവട്. ജില്ലയിലെ ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടനെല്ലൂർ ഗവ. കോളേജ് മൈതാനത്താണ് 7027 മങ്കമാർ ചുവടുവച്ച മെഗാ തിരുവാതിര അരങ്ങേറിയത്. മെഗാ തിരുവാതിര ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, ടാലന്റ് വേൾഡ് റെക്കോഡ്‌സ് എന്നിവയുടെ പ്രതിനിധികളുടെ നിരീക്ഷണത്തിലാണ് നടന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ സിഡിഎസുകളിൽനിന്നുമുള്ള അംഗങ്ങൾ മെഗാ തിരുവാതിരകളിയിൽ അണിനിരന്നു.വൈകിട്ട് 5.08ന് ആരംഭിച്ച തിരുവാതിര 5.18ന് വിജയകരമായി സമാപിച്ചതോടെയാണ് തൃശൂരിലെ തിരുവാതിര നർത്തകിമാർ റെക്കോഡിലേക്ക് ചുവടുവച്ചത്.
ഇതാദ്യമായാണ് ഇത്രയും പേർ അണിനിരക്കുന്ന തിരുവാതിര അരങ്ങേറിയത്. നിലവിൽ 6582 നർത്തകിമാർ അണിചേർന്ന തിരുവാതിരകളിയുടെ പേരിലാണ് ലോക റെക്കോഡ്.പത്തു മിനിറ്റ് നീണ്ടുനിന്ന മെഗാ തിരുവാതിര റവന്യൂ മന്ത്രി കെ രാജൻ ഭദ്രദീപം തെളിയിച്ചാണ് ഉദ്ഘാടനം ചെയ്‌തത്. തുടർന്നാണ് പതിനായിരക്കണക്കിന് കാഴ്‌ചക്കാരുടെ മുന്നിൽ പച്ച ബ്ലൗസും സെറ്റുമുണ്ടും അണിഞ്ഞെത്തിയ സ്‌ത്രീകൾ തിരുവാതിര കളിച്ചത്. മുൻ മേയർ അജിത വിജയൻ ഉൾപ്പെടെ വലുപ്പച്ചെറുപ്പവും പ്രായ ഭേദവുമില്ലാതെ ഏഴായിരത്തിലേറെപ്പേർ പങ്കെടുത്തു.
സംസ്ഥാന സർക്കാരിന്റെ വജ്ര ജൂബിലി ഫെലോഷിപ് നേടിയ എൻ വി ഫ്രിജിയാണ് മെഗാ തിരുവാതിര കളിയിൽ പങ്കെടുത്ത കുടുംബശ്രീ കലാകാരികൾക്ക് പരിശീലനം നൽകിയത്. പങ്കെടുത്ത കലാകാരികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് പ്രത്യേക കവാടത്തിലൂടെയാണ് നർത്തകിമാരെ മൈതാനത്തേക്ക് കയറ്റിവിട്ടത്. തിരുവാതിരയ്‌ക്കുശേഷം ചേർന്ന യോഗത്തിൽ മേയർ എം കെ വർഗീസ് വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, കലക്ടർ വി ആർ കൃഷ്‌ണ തേജ, ഡിഐജി അജിതാ ബീഗം, കമീഷണർ അങ്കിത് അശോകൻ, കുടുംബശ്രീ ജില്ലാ കോ–- ഓർഡിനേറ്റർ ഡോ. എ കവിത, കൗൺസിലർ ശ്യാമള വേണുഗോപാൽ എന്നിവർ സംസാരിച്ചു.