മാനവികതയുടെ അവസാന കാവൽക്കാരാണ് സാഹിത്യകാരൻമാർ
പുതിയ തലമുറയെ നിർബന്ധപൂർവം വായിപ്പിക്കേണ്ട അവസ്ഥ
കിനാലൂർ: മാനവികതയുടെ അവസാന കാവൽക്കാരാണ് എഴുത്തുകാരെന്ന് പ്രമുഖ സാഹിത്യകാരൻ ഡോ.പി.പവിത്രൻ പറഞ്ഞു. മതേതര ബോധം ഉണ്ടാവുന്നത് മത ബോധത്തിൽ നിന്നല്ല സൗന്ദര്യ ബോധത്തിൽ നിന്നാണ്. എഴുത്തച്ഛൻ അധ്യാത്മ രാമായണം എഴുതിയപ്പോൾ അതൊരു ഭക്തി കാവ്യമായിരുന്നു. പിന്നീട് നൂറ്റാണ്ടുകൾക്ക് ശേഷം അഹിന്ദുവായ ഒരാൾ വായിച്ചപ്പോഴാണ് ഈ കൃതി ഒരു സാഹിത്യ കൃതിയായി മാറിയത്. അദ്ദേഹം പറഞ്ഞു. എഴുത്തുകാരൻ ദേവേശൻ പേരൂരിന്റെ പുതിയ പുസ്തകമായ മൺതരിയും വൻകരയും പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിനാലൂർ ടാഗോർ വായന ശാലയുടെ നേതൃത്വത്തിൽ കിനാലൂർ ഗവ.യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ വായനശാല പ്രസിഡന്റ് ദേവദാസ് എൻ പി ആധ്യക്ഷം വഹിച്ചു. കവിയും നിരൂപകനുമായ ഒ.പി.സുരേഷ് പുസ്തകം ഏറ്റുവാങ്ങി. സാഹിത്യകാരൻ സോമൻ കടലൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
വാർഡ് മെമ്പർ ഇസ്മയിൽ രാരോത്ത്, എൻ. കെ.മധു, റസാഖ് മാസ്റ്റർ, മുജീബ് റഹ്മാൻ , സുമേഷ് ഇൻസൈറ്റ്, സ്കൂൾ പ്രധാനധ്യാപിക ശ്രീജ കെ.ബി എന്നിവർ ആശംസകൾ നേർന്നു. ഗ്രന്ഥകർത്താവ് ദേവേശൻ പേരൂർ ആശംസകൾക്ക് കൃതജ്ഞതയർപ്പിച്ചു. ഷിബു മാസ്റ്റർ സ്വാഗതവും ശോഭ നന്ദിയും പറഞ്ഞു

