ഇന്ന് മഹാശിവരാത്രി; ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ
ഭക്തർ ഇന്ന് ക്ഷേത്രങ്ങളിൽ രാത്രി മുഴുവൻ ഉറക്കമിളച്ച് ശിവഭജനം നടത്തും

തിരുവനന്തപുരം: ശിവ ഭഗവാനെ രാപ്പകൽ ഭജിച്ച് ഭക്തർ നിർവൃതികൊള്ളുന്ന മഹാശിവരാത്രി ഇന്ന്. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി നാളിലാണ് മഹാശിവരാത്രി. വ്രതശുദ്ധിയോടെ ഭക്തർ ഇന്ന് ക്ഷേത്രങ്ങളിൽ രാത്രി മുഴുവൻ ഉറക്ക മിളച്ച് ശിവഭജനം നടത്തും. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ, ഹോമം, അഭിഷേകം, എഴുന്നള്ളത്ത് എന്നിവ ഉണ്ടായിരിക്കും.
സംസ്ഥാനത്തെ വിവിധ ശിവക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ നടക്കും. കലാപരിപാടികളും അരങ്ങേറും, ആലുവ ശിവക്ഷേത്രത്തിൽ ആയിരക്കണക്കിന് ഭക്തർ ദർശനത്തിനെത്തും. ബലി തർപ്പണത്തിന് 116 ബലിത്തറകൾ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് നാലു മുതൽ നാളെ ഉച്ചക്ക് 2 മണി വരെ ആലുവയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.