ഡോക്ടർ പി സുരേഷ് എഴുതിയ മറതി നോവൽ പ്രകാശനം ചെയ്തു
പ്രശസ്ത കഥാകൃത്ത് എസ് ഹരീഷാണ് പ്രകാശന കർമ്മം നിർവഹിച്ചത്

കോഴിക്കോട്: അധ്യാപകനും നിരൂപകനുമായ ഡോക്ടർ പി സുരേഷിന്റെ ആദ്യ നോവലായ മറ തി പ്രകാശനം ചെയ്തു. കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ ഇന്ന് വൈകിട്ട് നാലുമണിക്കായിരുന്നു ചടങ്ങ്. പ്രശസ്ത കഥാകൃത്ത് എസ് ഹരീഷ് പ്രകാശന കർമ്മം നിർവഹിച്ചു. നോവലിസ്റ്റ് ഷീലടോമിയാണ് ആദ്യപ്രതി സ്വീകരിച്ചത്. പ്രകാശന ചടങ്ങിൽ ഡോക്ടർ എ കെ അബ്ദുൽ ഹക്കീം അധ്യക്ഷം വഹിച്ചു. ടി കെ അബ്ബാസ് അലി പുസ്തക പരിചയം നടത്തി.എസ് സുരേഷ് എഴുത്തിന്റെ അനുഭവം സദസുമായി പങ്കിട്ടു. കെ വി ശശി സ്വാഗതം പറഞ്ഞു.എടാടത്ത് രാഘവൻ, എ കെ മണി, അഭിലാഷ് തിരുവോത്ത് എന്നിവർ സംസാരിച്ചു.
1942ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം മുതൽ 1947ൽ സ്വാതന്ത്ര്യം ലഭിക്കുന്നതു വരെയുള്ള 5 വർഷക്കാലമാണ് നോവലിലെ കാലഘട്ടം. ഉള്ളിയേരി എന്ന പ്രദേശത്തിന്റെ ചരിത്രം പ്രമേയമാക്കിയ നോവലാണ് മറതി. സ്വാതന്ത്ര്യ സമരത്തിൽ സുപ്രധാനമായ പങ്കുവഹിച്ച ഉള്ളിയേരി ദേശത്ത് സമരത്തിൽ പങ്കെടുത്തവരോ ജീവിച്ചിരുന്നവരോ ആയുള്ള മിക്കവരും നോവലിൽ സ്മരിക്കപ്പെടുന്നു. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവർ ജന്മിത്വത്തിന്റെയും ജാതിയുടെയും ദുരനുഭവങ്ങൾ പേറിയ കഥ മറ തിയിൽ ഉണ്ട്. നാം എങ്ങനെയൊക്കെ ജീവിച്ചു, എങ്ങനെ ഇപ്പോഴത്തെ മനുഷ്യരായി എന്ന് ഓർമ്മിപ്പിക്കുന്ന കൃതിയാണ് ഇത്. നോവലിനെ ആസ്പദമാക്കി ഭിമാക്കാ കക്കഞ്ചേരി ഓഗസ്റ്റ് 10ന് കക്കഞ്ചേരിയിൽ പുസ്തക ചർച്ച നടത്തും. എഴുത്തുകാരൻ മോഹനൻ ചേനോളി നേതൃത്വം നൽകും.