നടുവണ്ണൂരിന് അഭിമാനമായി, കേരളോത്സവ ലോഗോ മത്സരത്തിൽ അൽത്താഫ് നടുവണ്ണൂർ
ഇപ്പോൾ ദുബായിലെ കാർ കമ്പനിയിൽ ഓട്ടോമൊബൈൽ എൻജിനീയറായി ജോലി ചെയ്യുകയാണ്

കോഴിക്കോട്: സംസ്ഥാന കേരളോത്സവത്തിന്റെ ലോഗോ മത്സരത്തിൽ അൽത്താഫ് നടുവണ്ണൂർ രൂപപ്പെടുത്തിയ ലോഗോ തെരഞ്ഞെടുക്കപ്പെട്ടു. ലോഗോ തെരഞ്ഞെടുക്കപ്പെട്ട വിവരമറിയിച്ചു കൊണ്ട് സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡിൻറെ കത്ത് ഇന്ന് ലഭിച്ചു. സ്കൂൾ കാലം മുതൽ തന്നെ വരകളോടും നിറങ്ങളോടും ആഭിമുഖ്യം പുലർത്തിയ അൽത്താഫ് ഇതിനുമുൻപും സമ്മാനിതനായിട്ടുണ്ട്. കേരള വിനോദ സഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയുടെ ലോഗോ രൂപകല്പന മൽസരത്തിൽ നേരത്തെ വിജയിയായിരുന്നു. ഇപ്പോൾ ദുബായിലെ കാർ കമ്പനിയിൽ ഓട്ടോമൊബൈൽ എൻജിനീയറായി ജോലി ചെയ്യുകയാണ് അൽത്താഫ്. സംസ്ഥാനതലത്തിൽ ആദ്യമായാണ് നടുവണ്ണൂർ സ്വദേശിയുടെ ലോഗോ തെരഞ്ഞെടുക്കപ്പെടുന്നത്.
നടുവണ്ണൂർ കൊല്ലോറത്ത് വീട്ടിൽ അബൂബക്കർ മുംതാസ് ദമ്പതികളുടെ പുത്രനായ അൽത്താഫിന്റെ ഇരട്ട സഹോദരൻ അഫ്സലും കലാ അഭിരുചിയുള്ള ആളാണ്. അധ്യാപന മേഖലയിൽ പ്രവർത്തിക്കുന്ന അഫ്സൽ ഗാനരചയിതാവ് കൂടിയാണ്.