എവിജി ചെട്ടിയാരുടെയും കുഞ്ഞ്യേദ് മുസ്ലിയാരുടെയും സ്നേഹ സൗഹൃദ ഓർമ്മയിൽ മസ്ജിദ് നവീകരണത്തിന് മക്കൾ വക ഒരു ലക്ഷം രൂപ
മക്കളായ എ വി ബാബുവും കെ വി ശ്രീജിത്തും ചേർന്ന് സംഭാവന കൈമാറി

നടുവണ്ണൂർ: നടുവണ്ണൂർ മുള്ളമ്പത്ത് ജുമാമസ്ജിദിൽ ഖത്തീബായി പ്രവർത്തിച്ച കുഞ്ഞേദ് മുസ്ലിയാരുടെയും നാട്ടിലെ വസ്ത്ര വ്യാപാര രംഗത്ത് പ്രവർത്തിച്ച എവി ഗോപാലൻ ചെട്ടിയാരുടെയും സ്നേഹസൗഹൃദത്തിൻറെ ഓർമ്മകളിലലിഞ്ഞ് നടുവണ്ണൂർ അൽ ഹുദാ പള്ളിയങ്കണം. ചെട്ടിയാരും ഉസ്താദും തമ്മിലുള്ള സ്നേഹബന്ധം അനന്തര തലമുറയും പങ്കുവെച്ച അസുലഭ മുഹൂർത്തത്തിനാണ് ഇന്ന് പള്ളിമുറ്റം സാക്ഷിയായത്. പള്ളിയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് എവി ജിയുടെ മക്കളായ എ.വി. ബാബുവും ശ്രീജിത്തും ചേർന്ന് ഒരു ലക്ഷം രൂപ ഇന്ന് സംഭാവനയായി പള്ളിക്കമ്മിറ്റി യെ ഏൽപ്പിച്ചു. അര നൂറ്റാണ്ട് കാലത്തോളം ഇവിടെ ഖത്തീബായി കുഞ്ഞേതു മുസ്ലിയാരും നാട്ടിലെ വസ്ത്ര വ്യാപാര രംഗത്തെ പ്രധാന വ്യാപാരിയായി ഗോപാലൻ ചെട്ടിയാരും ജീവിച്ച കാലഘട്ടം ഇരുവരുടെയും ജീവിതത്തിൽ മാത്രമല്ല നാടിന്റെ സാമൂഹ്യ ജീവിതത്തിൽ തന്നെയും മാറ്റി നിർത്താനാവാത്ത ഒരേടാണ്. ഉസ്താദിൻറെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാളായിരുന്ന ഗോപാലൻ ചെട്ടിയാർ പള്ളിപ്പറമ്പിന്റെ വടക്കേ മൂലയിൽ ചെറിയ നിലയിൽ തുടങ്ങിയ കച്ചവടമാണ് പിന്നീട് നടുവണ്ണൂരിലെ ഏറ്റവും വലിയ വസ്ത്ര വ്യാപാര കേന്ദ്രമായ ഗോപാൽ ഫാഷൻസായി വളർന്നത്. ദശാബ്ദങ്ങൾക്കു മുമ്പ് നിരപ്പലകയിട്ട കുടസുമുറിയിൽ തുടങ്ങിയ ഇരുവരുടെയും സൗഹൃദം ജീവിതാവസാനം വരെ നിലനിന്നു. മിക്ക ദിവസവും വൈകിട്ട് പള്ളിയിൽ നിന്ന്, ശുഭവസ്ത്രധാരിയായി, നീളം കുടയും ചൂടി ടൗണിലേക്ക് എത്തുന്ന കുഞ്ഞ്യേത് മുസ്ലിയാർ ഗോപാലൻ ചെട്ടിയാരുടെ കടയിൽ ഇരുന്ന് കുശലം പറഞ്ഞാണ് തിരികെ പോകുക. ഉസ്താദിന് ആവശ്യമുള്ള തുണിത്തരങ്ങൾ എല്ലാം ചെട്ടിയാർ തന്നെ തയ്യാറാക്കി കൊടുക്കും. അച്ഛനും ഉസ്താദും തമ്മിലുള്ള സൗഹൃദത്തിൻറെ ദാർഢ്യം നേരിട്ട് അനുഭവിച്ചറിഞ്ഞ തങ്ങൾ ഉസ്താദിനോടുള്ള അച്ഛൻറെ സ്നേഹം തങ്ങളായി അടയാളപ്പെടുത്തുകയാണ് ഈ സംഭാവനയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ബാബുവും ശ്രീജിത്തും പറഞ്ഞു.
മസ്ജിദിൽ നടന്ന ലളിതമായ ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് എം കെ പരീത് മാസ്റ്റർ ആധ്യക്ഷം വഹിച്ചു. ഗോപാലൻ ചെട്ട്യാരുടെ കുടുംബത്തിൻറെ നന്മയ്ക്കായി മഹല്ല് ഖത്തീബ് അസ്ഹർ ഫൈസി പ്രത്യേക പ്രാർത്ഥന നടത്തി. ഈ കെ സഹീർ , വി പി അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, അബ്ദുസമദ് ദാബീസ് , പി കാദർ ഹാജി, ഇ കെ എം കോയ, എം മുഹമ്മദലി, കെ കെ ഷെരീഫ്, ടി കെ എം ബഷീർ, വി പിഇമ്പിച്ചി മൊയ്തി , പി കെ ഇബ്രാഹിം എന്നിവർ സംസാരിച്ചു.